ഡിജിറ്റല്‍ റീസർവേ നടപടികള്‍ പൂർത്തിയായ പ്രദേശങ്ങളില്‍ സാങ്കേതിക അപാകതകള്‍ കാരണം ഭൂനികുതി സ്വീകരിക്കുന്നത് തടസ്സപ്പെടുന്നത് ഒഴിവാക്കാൻ പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി ലാൻഡ് റവന്യൂ കമ്മീഷണറേറ്റ് സർക്കുലർ (LR/7288/2026-SPLC1) പുറപ്പെടുവിച്ചു.സർവേയിലെ അപകാതകള്‍ മൂലം രണ്ട് വ്യക്തികളുടെ ഭൂമി ഒന്നായി ചേർക്കപ്പെടുകയോ, പേരുകളില്‍ മാറ്റം വരികയോ ചെയ്യുന്നത് കാരണം പല വില്ലേജുകളിലും നികുതി സ്വീകരിക്കുന്നില്ലെന്ന പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി.
ഭൂവുടമകളുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനും സർക്കാരിലേക്കുള്ള നികുതി വരുമാനം ഉറപ്പാക്കുന്നതിനുമായി പുറപ്പെടുവിച്ച പ്രധാന നിർദ്ദേശങ്ങള്‍ ഇവയാണ്:എല്‍.ആർ.എം (LRM) നടപടികള്‍ പൂർത്തിയാകുന്നതുവരെ കാത്തിരിക്കാതെ, ReLIS പോർട്ടലിലെ പേയ്മെന്റ് ഓപ്ഷനിലുള്ള 'റസീപ്റ്റ് എൻട്രി' (Receipt Entry) സൗകര്യം ഉപയോഗിച്ച് താത്കാലികമായി നികുതി സ്വീകരിക്കണം.ഡിജിറ്റല്‍ സർവേയില്‍ വിസ്തീർണ്ണത്തില്‍ വ്യത്യാസം വന്നിട്ടുണ്ടെങ്കില്‍, കക്ഷികളുടെ ആധാരം അല്ലെങ്കില്‍ മുൻ നികുതി രസീത് എന്നിവയുടെ അടിസ്ഥാനത്തില്‍ ആനുപാതികമായി നികുതി ഈടാക്കാം.
നല്‍കുന്ന കരം അടവ് രസീതുകളിലെ റിമാർക്സ് കോളത്തില്‍ എല്‍.ആർ.എം അപേക്ഷയുടെ LTIN നമ്പർ നിർബന്ധമായും രേഖപ്പെടുത്തണം. കൂടാതെ "ഇത് താത്കാലിക തണ്ടപ്പേരാണ്" എന്ന വ്യക്തമായ കുറിപ്പും LTIN നോടൊപ്പം ഉള്‍പ്പെടുത്തണം.എല്‍.ആർ.എം അപേക്ഷയിലെ നടപടികള്‍ പൂർത്തിയാകുമ്പോള്‍, ഈ രീതിയില്‍ താത്കാലികമായി സ്വീകരിച്ച നികുതി തുക OTC സമയത്ത് യഥാർത്ഥ തണ്ടപ്പേരിലേക്ക് വകയിരുത്തേണ്ടതാണ്.
സാങ്കേതിക കാരണങ്ങളാല്‍ നികുതി പിരിവ് തടസ്സപ്പെടരുതെന്നും എല്ലാ റവന്യൂ ഉദ്യോഗസ്ഥരും ഈ നിർദ്ദേശങ്ങള്‍ കർശനമായി പാലിക്കണമെന്നും ലാൻഡ് റവന്യൂ കമ്മീഷണർ കർശന നിർദ്ദേശം നല്‍കിയിട്ടുണ്ട്.