മൂന്ന് കോടിക്ക് മന്ത്രി സ്ഥാനം; വ്യാജ കോളില്‍ ഡല്‍ഹി സ്വദേശികള്‍ പിടിയില്‍.


മൂന്ന് കോടി രൂപയ്‌ക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് വിദ്യ ബാലകൃഷ്ണൻ എംഎല്‍എയെ വിളിച്ച ഡല്‍ഹിയിലെ സൈബർ തട്ടിപ്പ് സംഘത്തിലെ രണ്ടുപേർ പിടിയില്‍.

ഡല്‍ഹി സ്വദേശികളായ നിതിൻ കുമാർ, ഗൗരവ് എന്നിവരാണ് പിടിയിലായത്. പണം തട്ടിയെടുക്കല്‍ തന്നെയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് കോഴിക്കോട് സൈബർ പൊലീസ് പറഞ്ഞു. പ്രതികളെ വിശദമായി ചോദ്യം ചെയ്തശേഷം മാത്രമേ മറ്റ് വിവരങ്ങള്‍ അറിയാൻ കഴിയൂവെന്നും പൊലീസ് വ്യക്തമാക്കി.

പ്രിയങ്ക ഗാന്ധി എംപിയുടെ ഓഫീസില്‍ നിന്ന് സെക്രട്ടറി രാജ്കുമാറാണെന്ന് പരിചയപ്പെടുത്തിയായിരുന്നു കഴിഞ്ഞ ആറിന് വിദ്യയ്‌ക്ക് വിളിയെത്തിയത്. ഇംഗ്ലീഷിലായിരുന്നു സംസാരം. കേരളത്തില്‍ ഉടൻ മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകുമെന്നും മൂന്നുകോടി രൂപ നല്‍കിയാല്‍ മന്ത്രിയാക്കാമെന്നുമായിരുന്നു വിളിച്ചയാള്‍ പറഞ്ഞത്.

ജില്ലയിലെ എംപിയില്‍ നിന്നാണ് നമ്പർ വാങ്ങിയതെന്നാണ് വിളിച്ചയാള്‍ പറഞ്ഞത്. സംശയത്തെ തുടർന്ന് പ്രിയങ്ക ഗാന്ധിയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. പാർട്ടി നിർദ്ദേശത്തെ തുടർന്ന് കഴിഞ്ഞ 11ന് പരാതി നല്‍കി.

Previous Post Next Post