ഇന്ന് സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ്; ബന്ദ് ഡല്‍ഹിയിലെ അതിക്രമത്തില്‍ പ്രതിഷേധിച്ച്‌; കെഎസ്‌യു സംസ്ഥാന കമ്മിറ്റിയാണ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത്

നീറ്റ് പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്ത വിദ്യാർഥികളെ തെരുവില്‍ വലിച്ചിഴച്ചതിലും വിഷയത്തില്‍ പ്രതിഷേധിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള എംപിമാരെ ഡല്‍ഹി പൊലീസ് കയ്യേറ്റം ചെയ്തതിലും പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് ഇന്ന് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്.വിദ്യാർഥികളുടെയും ജനപ്രതിനിധികളുടെയും ന്യായമായ പ്രതിഷേധങ്ങളെ ബലപ്രയോഗത്തിലൂടെ നേരിടുന്ന കേന്ദ്ര സർക്കാരിന്റെയും ഡല്‍ഹി പൊലീസിന്റെയും ജനാധിപത്യവിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കെഎസ്‌യു സംസ്ഥാന കമ്മിറ്റിയാണ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത്.നീറ്റ് പരീക്ഷ അട്ടിമറിച്ചതിലൂടെ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയാണ് ആശങ്കയിലായിരിക്കുന്നത്. ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചു പ്രതിഷേധിച്ച വിദ്യാർഥികളെയും ജനപ്രതിനിധികളെയും ക്രൂരമായി അടിച്ചമർത്താനാണ് കേന്ദ്ര ഭരണകൂടം ശ്രമിക്കുന്നത്. ഇത്തരം ജനാധിപത്യവിരുദ്ധ നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്നും ബന്ദ് പൂർണ്ണമായി വിജയിപ്പിക്കണമെന്നും കെഎസ്‌യു സംസ്ഥാന നേതൃത്വം അഭ്യർത്ഥിച്ചു.അതേസമയം, ബന്ദിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ക്യാമ്പസുകളില്‍ പ്രകടനങ്ങളും പ്രതിഷേധ കൂട്ടായ്മകളും സംഘടിപ്പിക്കും. പരീക്ഷകളെയും അവശ്യ സർവീസുകളെയും ബന്ദില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധ നയങ്ങള്‍ക്കെതിരെ ഉയർന്നുവരുന്ന ഈ പോരാട്ടത്തില്‍ മുഴുവൻ സർവകലാശാലകളിലെയും സ്കൂളുകളിലെയും വിദ്യാർഥികള്‍ അണിചേരണമെന്നും സംഘടന ആഹ്വാനം ചെയ്തു.
Previous Post Next Post