ലഹരിമാഫിയയുടെ വേരറുക്കാന്‍ ആരംഭിച്ച ഒപറേഷന്‍ തൂഫാന്‍ രണ്ടാംഘട്ടത്തിലേക്ക്. മയക്കുമരുന്നിന് അടിപ്പെട്ടവരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ "തൂഫാന്‍ കെയര്‍' ആരംഭിക്കും.സംസ്ഥാനത്തെ പ്രധാന ആശുപത്രികളുമായി സഹകരിച്ചാകും പദ്ധതി നടപ്പാക്കുക.
നിലവില്‍ 60ഓളം പേരെ ഇത്തരത്തില്‍ പോലീസ് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തുടര്‍ന്നും ഇത്തരം ആളുകളെ കണ്ടെത്തി ആവശ്യമായ ചികിത്സ ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷമിടുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് ഐ എം എ ഭാരവാഹികളുമായി തിരുവനന്തപുരത്ത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ചര്‍ച്ച നടത്തും.
ഇതിന് ശേഷമാകും പദ്ധതിയിലേക്ക് കടക്കുക. നിലവില്‍ കേരളത്തിലെ 35ഓളം ആശുപത്രികള്‍ തിരഞ്ഞെടുത്ത് അവിടെ മയക്കുമരുന്നിനടിപ്പെട്ടവരെ ചികിത്സിക്കാനാണ് പദ്ധതി. ഇതിന് പുറമേ സ്‌കൂളുകളില്‍ കുട്ടികളുടെ പെരുമാറ്റം നിരീക്ഷിക്കാനും പദ്ധതിയുണ്ട്. ഇതിന്റെ ഭാഗമായി സൈക്കോളജിസ്റ്റുകളാല്‍ സ്‌കൂളുകളില്‍ ക്ലാസ്സുകള്‍ സംഘടിപ്പിക്കും.
ലഹരിക്കേസുകളില്‍ പിടിക്കപ്പെടുന്നവരെ പിഴ ചുമത്തിയോ ജയിലിലടച്ചോ മയക്കുമരുന്നില്‍ നിന്ന് നാടിനെ മുക്തമാക്കാനാകില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പ് രണ്ടാംഘട്ടത്തിലേക്ക് കടക്കുന്നത്. പോലീസിന്റെയും നര്‍ക്കോട്ടിക്‌സ് വിഭാഗത്തിന്റെയും സജീവ ശ്രദ്ധയും ഇതിന് പിന്നിലുണ്ട്.