പാ‍‍ര്‍ട്ടി വിപ്പ് ലംഘിച്ചു: പാലാ നഗരസഭയിലെ നാല് കൗണ്‍സിലര്‍മാരെ പുറത്താക്കി കോണ്‍ഗ്രസ്.

പാലാ നഗരസഭയില്‍ പാർട്ടി വിപ്പ് ലംഘിച്ച്‌ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്ത നാല് കോണ്‍ഗ്രസ് കൗണ്‍സിലർമാരെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി കോണ്‍ഗ്രസ്.കെപിസിസി പ്രസിഡൻ്റിൻ്റെ നിർദ്ദേശാനുസരണം ഡിസിസി പ്രസിഡന്റാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്.

കോണ്‍ഗ്രസ് വിമതയായി മത്സരിച്ച്‌ വിജയിച്ച മായാ രാഹുലും നാല് കോണ്‍ഗ്രസ് കൗണ്‍സിലർമാരും പിന്തുണച്ചതോടെയാണ് പാല മുൻസിപ്പാലിറ്റി ചെയർപേഴ്സണ്‍ ദിയ ബിനു പുളിക്കകണ്ടത്തിനെതിരായ അവിശ്വാസം പാസായത്. ദിയ ബിനു പുളിക്കകണ്ടത്തിനെതിരായ അവിശ്വാസ പ്രമേയത്തെ പാർട്ടി വിപ്പ് ലംഘിച്ച്‌ പിന്തുണച്ച കോണ്‍ഗ്രസ് കൗണ്‍സിലർമാർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് നേരത്തെ പ്രതികരിച്ചിരുന്നു.പാർട്ടിയെ ചതിച്ചവൻമാരെ പാർട്ടിക്ക് വേണ്ടെന്ന് പറഞ്ഞ നാട്ടകം സുരേഷ്, വിപ്പ് ലംഘിച്ചവർക്കെതിരെ പാർട്ടി നടപടി എടുക്കുമെന്നും വ്യക്തമാക്കിയിരുന്നു. പാർട്ടി വിപ്പ് ലംഘിച്ചു എന്ന് പറഞ്ഞാല്‍ അവർ പാർട്ടിയില്‍ നിന്ന് സ്വയം പുറത്തായി.

എല്‍ഡിഎഫുമായി കോണ്‍ഗ്രസ് കൗണ്‍സിലർമാർ അവിശുദ്ധ കൂട്ടുക്കെട്ട് ഉണ്ടാക്കിയെന്ന ആരോപണവും നാട്ടകം സുരേഷ് ഉന്നയിച്ചിരുന്നു. ഇതിന്റെ ഭവിഷ്യത്തുകള്‍ അവർ മനസിലാക്കും. പാർട്ടിക്കെതിരായ നടപടികള്‍ ഒരു കാരണവശാലും വെച്ചു പൊറുപ്പിക്കില്ലെന്നും നടപടി എന്തെന്നത് കെപിസിസി അധ്യക്ഷൻ വ്യക്തമാക്കുമെന്നുമായിരുന്നു നാട്ടകം സുനിലിന്റെ പ്രതികരണം.
Previous Post Next Post