ലഹരിമുക്തമാക്കാനായി ആവിഷ്കരിച്ച ഓപ്പറേഷൻ തൂഫാൻ.പദ്ധതിയിലൂടെ സംസ്ഥാനത്തെ ലഹരി ശൃംഖലയെ അടിയോടെ തകർക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.പെരുമ്പാവൂരില്‍ സംഘടിപ്പിച്ച തൂഫാൻ ജാഗരണ്‍ സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തടിയുടെയും പ്ലൈവുഡിന്റെയും ഈറ്റില്ലമായ പെരുമ്പാവൂരിനെ ലഹരിയുടെ കേന്ദ്രം എന്ന കുപ്രസിദ്ധിയില്‍ നിന്ന് മോചിപ്പിക്കുകയാണ് ലക്ഷ്യം. പെരുമ്പാവൂരിലെ അധ്വാനശീലരായ ജനങ്ങളുടെ പാരമ്പര്യം ഉയർത്തിപ്പിടിക്കേണ്ടതുണ്ട്. ലഹരി മാഫിയയ്ക്കെതിരെ പോലീസും ജനങ്ങളും കൈകോർക്കുന്ന ഒരു സംയുക്ത നീക്കത്തിലൂടെ മാത്രമേ ഈ വിപത്തിനെ പൂർണ്ണമായി തുടച്ചുനീക്കാൻ സാധിക്കുകയുള്ളൂ. ലഹരി മാഫിയകള്‍ എത്ര ഒളിച്ചിരുന്നാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കേരളത്തില്‍ അതിഥി തൊഴിലാളികളെ മറയാക്കി വൻതോതിലുള്ള ലഹരി ബിസിനസ്സാണ് മാഫിയകള്‍ നടത്തുന്നത്. എന്നാല്‍ ഇതിന് പിന്നില്‍ തദ്ദേശീയരായ ചില മലയാളികളുടെയും ക്രിമിനലുകളുടെയും സഹായമുണ്ടെന്നത് ഗൗരവതരമായ വസ്തുതയാണ്. ലഹരി മാഫിയയില്‍ പങ്കാളികളാകുന്ന ഓരോരുത്തരുടെയും പിന്നാലെ പോലീസ് ഉണ്ട്. പദ്ധതി ആരംഭിച്ച് ചുരുങ്ങിയ കാലയളവിനുള്ളില്‍ നിരവധി ആളുകളെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും ലഹരി മാഫിയയ്ക്കെതിരെ ഇത്രയും വലിയൊരു പോരാട്ടം നടന്നിട്ടില്ല. നിലവില്‍ പോലീസ് നടപടികള്‍ ഭയന്ന് താല്‍ക്കാലികമായി ഒളിച്ചിരിക്കുന്ന ലഹരി സംഘങ്ങള്‍ ഈ പണി നിർത്തിയില്ലെങ്കില്‍ അവരുടെ കൈകളില്‍ വിലങ്ങുവീഴുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്ന് മന്ത്രി താക്കീത് നല്‍കി.