എസ്‌എസ്‌എല്‍സി പരീക്ഷയില്‍ എ പ്ലസ് നേടിയവരെ ആദരിക്കുന്ന വിജയോത്സവം പരിപാടിയില്‍ കുട്ടികളെ വേദിയില്‍ അപമാനിച്ച് മുൻ മന്ത്രി കെ.ടി ജലീല്‍.
കുട്ടികളെ വേദിയില്‍ വിളിച്ചുവരുത്തി എഴുതിക്കുകയും അക്ഷരത്തെറ്റുകളുടെ പേരില്‍ പരസ്യമായി ശാസിക്കുകയും ചെയ്തു. മണ്ണാർക്കാട് നഗരസഭ 19, 20 ,22 വാർഡുകളുടെ വിജയോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജലീല്‍.
''സദസിലിരിക്കുന്ന കുട്ടിയോട് വേദിയില്‍ നിന്ന് എടോ, നിനക്ക് അഡ്രസ് എഴുതാൻ അറിയോ?'' എന്നാണ് എല്ലാവരുടെയും മുന്നില്‍ വിളിച്ചു ചോദിക്കുന്നത്. ഹിന്ദിയില്‍ എ പ്ലസ് കിട്ടിയ കുട്ടികളെയാണ് ജലീല്‍ വേദിയിലേക്ക് വിളിച്ചത്.
ഹിന്ദിയില്‍ മാതാവിന്റെയും പിതാവിന്റെയും പേരും അഡ്രസും എഴുതാനായിരുന്നു ആവശ്യപ്പെട്ടത്. വേദിയില്‍വെച്ച് കുട്ടികള്‍ എഴുതിയപ്പോള്‍ ചില തെറ്റുകള്‍ വന്നപ്പോഴായിരുന്നു ജലീലിന്റെ തിരുത്ത്. കുട്ടികളെ വേദിയില്‍വെച്ച് ചെവിയില്‍ നുള്ളുന്നതിന്റെയും ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്.
സംസം എന്നാല്‍ എന്താണ് അർഥം? പാത്തുമ്മയുടെ ആടില്‍ എന്തിനെക്കുറിച്ചാണ് പറയുന്നത്? തുടങ്ങിയ ചോദ്യങ്ങളും ജലീല്‍ കുട്ടികളോട് ചോദിക്കുന്നുണ്ട്. വായനാശീലം വേണം, മൊബൈല്‍ ഉപയോഗിക്കുന്നതും അറിവ് വർധിപ്പിക്കാൻ വേണ്ടിയാവണം തുടങ്ങിയ ഉപദേശങ്ങളും കുട്ടികള്‍ക്ക് നല്‍കുന്നുണ്ട്.