ലോകകപ്പ് ഫൈനല്‍ പിറ്റേന്ന് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി ചോദിച്ച്‌ പാലാ നഗരസഭാധ്യക്ഷ; മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് ദിയ ബിനു പുളിക്കക്കണ്ടത്തിന്റെ നിവേദനം.


ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ മത്സരം കാണാന്‍ സൗകര്യമൊരുക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ഈ മാസം 20-ന് അവധി പ്രഖ്യാപിക്കണമെന്ന് പാലാ നഗരസഭാധ്യക്ഷ ദിയ ബിനു പുളിക്കക്കണ്ടം.

ഇത് സംബന്ധിച്ച്‌ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നഗരസഭാധ്യക്ഷ നിവേദനം നല്‍കി.

ലോകകപ്പ് ഫൈനല്‍ മത്സരം അര്‍ധരാത്രിയിലാണ് നടക്കുന്നത്. അതിനാല്‍ പിറ്റേദിവസം അവധി നല്‍കുകയാണെങ്കില്‍ കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഉറക്കക്കുറവും ക്ഷീണവും മൂലമുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

ഇത്തരം വലിയ കായിക മാമാങ്കങ്ങള്‍ കാണാന്‍ അവസരമൊരുക്കുന്നത് കുട്ടികളില്‍ കായികരംഗത്തോടുള്ള താല്‍പര്യവും പങ്കാളിത്തവും വര്‍ധിപ്പിക്കും. ലഹരിമരുന്ന് ഉപയോഗം, സോഷ്യല്‍ മീഡിയ ദുരുപയോഗം എന്നിവയ്‌ക്കെതിരെയുള്ള ശക്തമായ പ്രതിവിധിയാണ് കായികരംഗമെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

മുഖ്യമന്ത്രി വി.ഡി. സതീശന്‍, ഭരണപക്ഷത്തെ പ്രമുഖ മന്ത്രിമാരായ രമേശ് ചെന്നിത്തല, എന്‍. ഷംസുദ്ദീന്‍, റോജി എം. ജോണ്‍, ഒ.ജെ. ജനീഷ് എന്നിവര്‍ക്കാണ് നഗരസഭാധ്യക്ഷ ഇത് സംബന്ധിച്ച നിവേദനം നേരിട്ട് അയച്ചിട്ടുള്ളത്.

Previous Post Next Post