കോഴിക്കോട് : കുറ്റിക്കാട്ടൂരില്‍ അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ തമ്മിലുണ്ടായ തര്‍ക്കം അക്രമത്തില്‍ കലാശിച്ചു.
ലോകകപ്പ് ഫൈനല്‍ മത്സരത്തോടനുബന്ധിച്ച് വാട്സ്‌ആപ്പ് ഗ്രൂപ്പില്‍ ഉയര്‍ന്നുവന്ന തര്‍ക്കമാണ് പിന്നീട് തെരുവില്‍ പരസ്യമായ ഏറ്റുമുട്ടലിലേക്ക് വഴിമാറിയത്. സംഘര്‍ഷത്തില്‍ ബ്രസീല്‍ ആരാധകനായ കുറ്റിക്കാട്ടൂര്‍ സ്വദേശി മുഹമ്മദ് ഷാനിസിന് ക്രൂരമായി മര്‍ദനമേറ്റു. മര്‍ദനത്തിന് പുറമേ, അക്രമികള്‍ ഷാനിസിന്റെ വീടിന് നേരെയും ആക്രമണം അഴിച്ചുവിട്ടു. വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ത്തതായും പരാതിയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കുറ്റിക്കാട്ടൂര്‍ സ്വദേശികളായ നിഖില്‍, രഞ്ജിത്ത് എന്നിവര്‍ക്കെതിരെ മെഡിക്കല്‍ കോളേജ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ലോകകപ്പ് ഫൈനല്‍ ആവേശം അണപൊട്ടി നില്‍ക്കുന്ന പശ്ചാത്തലത്തില്‍ കോഴിക്കോട് നഗരത്തിലും പരിസര പ്രദേശങ്ങളിലും ക്രമസമാധാന നില ഉറപ്പാക്കാന്‍ പൊലീസ് സുരക്ഷയും നിയന്ത്രണങ്ങളും കര്‍ശനമാക്കിയിട്ടുണ്ട്.