ആഭ്യന്തര മന്ത്രിയുടെ വസതിയില്‍ കടകംപള്ളിയുടെ സന്ദര്‍ശനം ദുരൂഹം, കൂടിക്കാഴ്ചയുടെ ഉദ്ദേശ്യം വ്യക്തമാക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

ശബരിമല സ്വർണ്ണ മോഷണക്കേസില്‍ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വസതിയിലെത്തി നടത്തിയ കൂടിക്കാഴ്ച ദുരൂഹമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എം.എല്‍.എ പറഞ്ഞു.

ശബരിമല സ്വർണ്ണക്കൊള്ളയില്‍ സി.ബി.ഐ അന്വേഷണം എന്നതില്‍ നിന്നും യു.ഡി.എഫ് സർക്കാർ പിന്നോട്ട് പോയ പശ്ചാത്തലത്തില്‍ ഇരുവരുടെയും കൂടിക്കാഴ്ച സംശയകരമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ ആരോപിച്ചു.

ശബരിമലയുമായി ബന്ധപ്പെട്ട അതീവ ഗൗരവമുള്ള കേസില്‍ അന്വേഷണം മുന്നോട്ടുപോകുന്ന ഘട്ടത്തിലാണ് ഈ കൂടിക്കാഴ്ച നടന്നത്. അതിനാല്‍ ഇതിന്റെ ഉദ്ദേശ്യം എന്തായിരുന്നു എന്നത് കേരള ജനതയ്ക്ക് മുന്നില്‍ വ്യക്തമാക്കേണ്ട ഉത്തരവാദിത്വം രമേശ് ചെന്നിത്തലയ്ക്കും കടകംപള്ളിയ്ക്കും ഉണ്ട്. ശബരിമല സ്വർണക്കേസിന്റെ അന്വേഷണത്തെ ഏതെങ്കിലും തരത്തില്‍ സ്വാധീനിക്കാനോ, കേസിന്റെ ഗതി മാറ്റാനോ, രാഷ്ട്രീയ ധാരണകള്‍ രൂപപ്പെടുത്താനോ വേണ്ടിയാണോ ഈ കൂടിക്കാഴ്ച നടന്നത് എന്ന സംശയം സ്വാഭാവികമായും ഉയരുന്നു. ഈ സംശയങ്ങള്‍ ദൂരീകരിക്കാൻ ഇരുവരും കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പരസ്യമാക്കണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.


Previous Post Next Post