മലയാളികളും ലോകവും അലിവോടെ കൈകോർത്തു. ഒരു കുഞ്ഞിന്റെ ജീവൻ നിലനിർത്താൻ മൂന്നു ദിവസം കൊണ്ടു സമാഹരിച്ചത് 16.05 കോടി രൂപ.അപൂര്വ രോഗം ബാധിച്ച ആറ് മാസം മാത്രം പ്രായമുള്ള മിയ മരിയ ജിനു എന്ന കുരുന്നിന്റെ ജീവന് നിലനിര്ത്താന് ആവശ്യമായ തുക സുമനുസകള്‍ കൈകോർത്തതോടെ സമാഹരിക്കാനായി.
സ്പൈനല് മസ്കുലാര് അട്രോഫി (എസ്‌എംഎ ടൈപ്പ് 1) എന്ന ഗുരുതരമായ ന്യൂറോ മസ്കുലാര് ഡിസോര്ഡർ ബാധിച്ച മൂവാറ്റുപുഴ എനാനല്ലൂര് സ്വദേശികളായ ജിനുവിന്റെയും നിമ്മി ജോഷിയുടെയും മകളായ മിയയക്കു വേണ്ടിയാണ് സുമനുസകളുടെ സഹായത്തോടെ ചികിത്സയ്ക്ക് ആവശ്യമായ തുക സമാഹരിച്ചത്.
കുഞ്ഞിന്റെ ജീവന് തിരികെ പിടിക്കാന് ഡോക്ടര്മാര് നിര്ദേശിച്ചിരിക്കുന്ന ജീന് തെറാപ്പിക്ക് ആവശ്യമായ മരുന്നിന് 16 കോടിയാണ് വില. കോഴിക്കോട് ആസ്റ്റര് മിംസ് ഹോസ്പിറ്റലിലെ പീഡിയാട്രിക് ന്യൂറോളജി വിഭാഗം ഡോ. സ്മിലു മോഹന്ലാലിന്റെ മേല്നോട്ടത്തിലാണ് നിലവില് ചികിത്സ നടക്കുന്നത്. റിസ്ഡിപ്ലാം എന്ന മരുന്നാണ് നല്കുന്നത്. കുഞ്ഞിന്റെ ജീവന് പൂര്ണമായും രക്ഷിച്ചെടുക്കണമെങ്കില് വിദേശത്തു നിന്നും എത്തിക്കുന്ന ജീന് തെറാപ്പി മരുന്ന് എത്രയും വേഗം നല്കണമെന്നാണ് ഡോക്ടര്മാരുടെ നിര്ദേശം. ജീന് തെറാപ്പിയിലൂടെ കുട്ടിയുടെ ആരോഗ്യം ഗണ്യമായി മെച്ചപ്പെടുത്താന് സാധിക്കും.