സര്‍ക്കാര്‍ പ്ലാന്‍ ഫണ്ട് നല്‍കാത്തതിനാല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ഭരണം സ്തംഭിച്ചു. 2025ലെ അവസാന ഗഡുവും 2026ലെ ഗഡുക്കളുമാണ് മുടങ്ങിയത്.ഇതുമൂലം തദ്ദേശ സ്ഥാപനങ്ങള്‍ നിയമിച്ച താത്കാലിക ജീവനക്കാരുടെ ശമ്പളം നാല് മാസമായി മുടങ്ങിക്കിടക്കുകയാണ്. ഒപ്പം തദ്ദേശ സ്ഥാപനങ്ങള്‍ വഴി നടന്നുവരുന്ന പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളും കിടപ്പുരോഗികളെ പരിചരിക്കുന്ന ആശ്വാസകിരണം പദ്ധതിയും ഭിന്നശേഷി സ്‌കോളര്‍ഷിപ്പ് വിതരണവുമുള്‍പ്പെടെ ആരോഗ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലായിട്ടുണ്ട്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍, സ്‌കൂളുകള്‍, തനത് പദ്ധതികള്‍ തുടങ്ങിയ നിരവധി പദ്ധതികളുടെ പ്രവര്‍ത്തനങ്ങളും താളം തെറ്റിയിട്ടുണ്ട്. പ്ലാന്‍ ഫണ്ടിന്റെ അപര്യാപ്തത മൂലം പ്രാദേശിക സര്‍ക്കാറുകള്‍ നിഷ്‌ക്രിയമായതോടെ പട്ടികജാതി വിദ്യാര്‍ഥികളുടെ സ്‌റ്റൈപെന്‍ഡും മരുന്ന് വിതരണവും നിത്യരോഗികളുടെ ഡയാലിസിസും ഉള്‍പ്പെടെ മുടങ്ങിപ്പോകുന്ന അവസ്ഥയിലാണ്.മിക്ക തദ്ദേശ സ്ഥാപനങ്ങളും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി തനത് ഫണ്ട് ഉപയോഗിക്കേണ്ട സാഹചര്യമാണുള്ളത്. സര്‍ക്കാര്‍ ഫണ്ട് മുടങ്ങിയതോടെ തദ്ദേശ സ്ഥാപനങ്ങളിലെ ആരോഗ്യ, ക്ഷേമ പദ്ധതികളും പ്രതിസന്ധിയിലായതായി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ പറയുന്നു.
പദ്ധതി ക്രമീകരിക്കേണ്ട സോഫ്റ്റ്വെയര്‍ സര്‍ക്കാര്‍ പൂര്‍ണമായും തുറന്നു നല്‍കിയിട്ടില്ല. ഈ മാസം 31നകം പദ്ധതികള്‍ സമര്‍പ്പിക്കണമെന്നായിരുന്നു തദ്ദേശ വകുപ്പിന്റെ ഉത്തരവ്. പദ്ധതി സമര്‍പ്പിച്ചാലേ ജില്ലാതല ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിക്കൂ. ഇതിനോടകം തന്നെ സാമ്പത്തിക വര്‍ഷത്തിലെ നാല് മാസം നഷ്ടമായെന്നും ആക്ഷേപമുണ്ട്. അതേസമയം, ഫണ്ട് നല്‍കാത്തത് സര്‍ക്കാറിന്റെ വീഴ്ചയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികളും ജനപ്രതിനിധികളും ആരോപിക്കുന്നു.
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ അവസാനത്തെ ഗഡു നല്‍കാതിരുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നത് കൊണ്ടാണെന്ന് മുന്‍ തദ്ദേശ മന്ത്രി എം ബി രാജേഷ് പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷനോട് അനുമതി തേടിയെങ്കിലും ലഭിച്ചിരുന്നില്ല. എന്നാല്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ച് പുതിയ സര്‍ക്കാര്‍ നിലവില്‍ വന്ന് രണ്ട് മാസമായിട്ടും കഴിഞ്ഞ വര്‍ഷത്തെ അവസാന ഗഡുവും പുതിയ വര്‍ഷത്തെ ആദ്യഗഡുവും ഇതുവരെ നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. നിലവിലെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.