കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനത്തിന് മുൻപേ ഇന്ത്യക്ക് ആദ്യ മെഡല്‍, ചരിത്രമെഴുതി ലവ്ലിന ബോര്‍ഗോഹെയ്ൻ

ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിന്‍റെ ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങ് നടക്കും മുൻപേ ഇന്ത്യക്ക് ആദ്യ മെഡല്‍.

ബോക്സിംഗ് റിംഗില്‍ ഇറങ്ങുന്നതിന് മുൻപ് തന്നെ ഒളിമ്പിക് മെഡല്‍ ജേതാവായ ലവ്ലിന ബോർഗോഹെയ്ൻ ഇന്ത്യയുടെ ആദ്യ മെഡല്‍ ഉറപ്പാക്കി. വനിതകളുടെ 75 കിലോഗ്രാം മിഡില്‍വെയ്റ്റ് വിഭാഗത്തിലാണ് ലവ്ലിനയ്ക്ക് നേരിട്ട് സെമി ഫൈനല്‍ പ്രവേശനം ലഭിച്ചത്. കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗ് നിയമമനുസരിച്ച്‌ സെമി ഫൈനലില്‍ തോല്‍ക്കുന്ന രണ്ട് താരങ്ങള്‍ക്കും വെങ്കല മെഡല്‍ ലഭിക്കും. അതിനാല്‍ സെമിയിലെത്തിയതോടെ ലവ്ലിനയ്ക്ക് ചുരുങ്ങിയത് വെങ്കല മെഡല്‍ ഉറപ്പായിക്കഴിഞ്ഞു.

വനിതകളുടെ 75 കിലോഗ്രാം വിഭാഗത്തില്‍ ആകെ അഞ്ച് മത്സരാർത്ഥികള്‍ മാത്രമാണ് ഇക്കുറി പോരാട്ടത്തിനിറങ്ങുന്നത്. ഒന്നാം സീഡായ ലവ്ലിന ബോർഗോഹെയ്ൻ ഉള്‍പ്പെടെ മൂന്ന് താരങ്ങള്‍ക്ക് നേരിട്ട് സെമി ഫൈനലിലേക്ക് 'ബൈ' ലഭിച്ചു. ബാക്കിയുള്ള രണ്ട് താരങ്ങള്‍ തമ്മില്‍ ക്വാർട്ടർ ഫൈനല്‍ മത്സരം കളിക്കും. സെമി ഫൈനലില്‍ ജൂലൈ 31-നാണ് ലവ്ലിനയുടെ ആദ്യ മത്സരം. ഫിജി താരം ടി.കെ.ബി.പി. താഫാകിയാണ് ലവ്ലിനയുടെ എതിരാളി. ഈ മത്സരത്തില്‍ വിജയിച്ചാല്‍ താരത്തിന് സ്വർണ്ണ മെഡല്‍ പോരാട്ടത്തിലേക്ക് കടക്കാം. തോറ്റാലും വെങ്കല മെഡലുമായി മടങ്ങാം.

പതാകവാഹകയായി ലവ്ലിന; ഇന്ത്യൻ ക്യാമ്പില്‍ ആവേശം

വ്യാഴാഴ്ച നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യൻ പതാകയേന്തുന്നതും അസമില്‍ നിന്നുള്ള ലവ്ലിനയാണ്. കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് ലഭിച്ച ഈ മെഡല്‍ ഉറപ്പ് ഇന്ത്യൻ സംഘത്തിന് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. ഇത്തവണ കായിക ഇനങ്ങളുടെ എണ്ണം വെട്ടിക്കുറച്ചതിനാല്‍ (10 ഇനങ്ങള്‍ മാത്രം) മെഡല്‍ പട്ടികയില്‍ തിരിച്ചടിയുണ്ടാകുമോ എന്ന് ആശങ്കയുണ്ടായിരുന്നു. മുൻപ് ബർമിംഗ്ഹാമില്‍ ഇന്ത്യക്ക് 28 മെഡലുകള്‍ നല്‍കിയ ഗുസ്തി, ബാഡ്മിന്‍റണ്‍, ടേബിള്‍ ടെന്നീസ്, ഹോക്കി, ക്രിക്കറ്റ് എന്നിവ ഇക്കുറി ഗ്ലാസ്‌ഗോയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍ ലഭിക്കുന്ന ഓരോ മെഡലും ഇന്ത്യക്ക് നിർണായകമാണ്.

Previous Post Next Post