നഗരത്തിലെ ബസ് യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകള്‍ നേരിട്ട് മനസിലാക്കാൻ കർണാടക ഗതാഗതമന്ത്രി ബൈരതി സുരേഷ് വേഷം മാറി നടത്തിയ പരിശോധനയില്‍ ബസ് ജീവനക്കാർക്കെതിരെ നടപടി.
മറ്റാരും തന്നെ തിരിച്ചറിയാതിരിക്കാനായി മുഖം മൂടി ധരിച്ചാണ് മന്ത്രി ബസില്‍ യാത്ര ചെയ്തത്.
ഹെബ്ബാളിയില്‍നിന്ന് നാഗശെട്ടി ഹള്ളിയിലേക്ക് യാത്രചെയ്‌ത മന്ത്രിയോട് ചില്ലറ നല്‍കിയില്ലെന്ന കാരണത്താല്‍ ബസില്‍നിന്നിറങ്ങാൻ കണ്ടക്‌ടർ ആവശ്യപ്പെട്ടു. ഇതേതുടർന്ന് ബസിലെ ഡ്രൈവറെയും കണ്ടക്‌ടറെയും സസ്‌പെൻഡ് ചെയ്യുകയായിരുന്നു. രണ്ട് ടിക്കറ്റുകള്‍ ആവശ്യപ്പെട്ട ബൈരതി കണ്ടക്‌ടർക്ക് 100 രൂപയുടെ നോട്ടാണ് നല്‍കിയത്. ചില്ലറ നല്‍കണമെന്ന് കണ്ടക്‌ടർ ആവശ്യപ്പെട്ടെങ്കിലും കൈവശമില്ലെന്ന് അദ്ദേഹം അറിയിച്ചു. ഇതോടെ ചില്ലറയില്ലെങ്കില്‍ ബസില്‍ നിന്ന് ഇറങ്ങണമെന്ന് ഡ്രൈവർ പറയുകയായിരുന്നു. താൻ മന്ത്രിയാണെന്ന് വെളിപ്പെടുത്താതെയാണ് ബൈരതി ബസില്‍നിന്നിറങ്ങിയത്.
ശനിയാഴ്‌ച രാത്രി 7.10 മുതല്‍ 9.10 വരെ ജയമഹല്‍, ടിവി ടവർ, ആർടി നഗർ, സിബിഐ റോഡ്, നാഗവാര, ഹെണ്ണൂർ ബണ്ടെ, ബൈരതി ബണ്ടെ, ഗെദ്ദലഹള്ളി തുടങ്ങിയ മേഖലകളില്‍ മന്ത്രി പൊതുഗതാഗത സൗകര്യങ്ങള്‍ പരിശോധിച്ചു. നാഗശെട്ടി ഹള്ളിയില്‍നിന്ന് ഓട്ടോറിക്ഷയിലും മന്ത്രി യാത്ര നടത്തി. മീറ്ററില്‍ 30 രൂപയായിരുന്നിട്ടും 36 രൂപ ആവശ്യപ്പെട്ട ഡ്രൈവറോട് കാരണം ചോദിച്ചപ്പോള്‍ മീറ്റർ പിന്നീട് ശരിയാക്കാം എന്നായിരുന്നു ഡ്രൈവറുടെ മറുപടി. ഒടുവില്‍ 40 രൂപ നല്‍കി മന്ത്രി യാത്ര അവസാനിപ്പിക്കുകയായിരുന്നു.