കൊച്ചിയില്‍ ഡോക്ടർമാർക്കും സിനിമാപ്രവർത്തകർക്കും ലഹരി എത്തിക്കുന്ന മുഖ്യവിതരണക്കാർ പിടിയില്‍. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് അമല്‍ ജോർജ്, അഭിജിത്ത് എന്നിവർ ഡാൻസാഫിന്റെ പിടിയിലായത്.
ചേരാനല്ലൂരില്‍ വീട് വാടകക്കെടുത്തായിരുന്നു ലഹരി വില്‍പന. കൊച്ചി കേന്ദ്രീകരിച്ച് ഹൈ പ്രൊഫൈല്‍ ആളുകള്‍ക്ക് ലഹരി വിതരണം ചെയ്യുന്ന ഒരു ശൃംഖല തന്നെ പ്രവർത്തിക്കുന്നുണ്ട് എന്നാണ് പുറത്തുവരുന്ന വിവരം. വിവിധ ഇടങ്ങളില്‍ നിന്ന് ലഹരി എത്തിച്ചതിന് ശേഷം വാടക വീട് കേന്ദ്രീകരിച്ചാണ് വില്‍പന നടത്തിയിരുന്നത്.
ആവശ്യക്കാർക്ക് എത്തിച്ചു നല്‍കുന്നതാണ് ഇവരുടെ രീതി. അമല്‍ ജോർജിനെ ഒരു വർഷം മുമ്പ് 250 ഗ്രാം എംഡിഎംഎയുമായി പിടികൂടിയിട്ടുണ്ട്. ആവശ്യക്കാർ അഭിജിത്തിനെ ബന്ധപ്പെടുകയാണ് ചെയ്യുന്നത്. ഇയാളുടെ അക്കൗണ്ട് വഴിയാണ് പണമിടപാട് നടത്തിയിരുന്നത്. ഇവർ ആർക്കൊക്കെയാണ് ലഹരി നല്‍കിയിരുന്നതെന്ന കാര്യത്തില്‍ കൃത്യമായ അന്വേഷണത്തിലേക്ക് കടന്നിരിക്കുകയാണ് പൊലീസ്. ഇവർ സ്ഥിരമായി ബന്ധപ്പെടുന്നവരുടെ വിശദാംശങ്ങളും പൊലീസ് ശേഖരിച്ചുവരികയാണ്.