അര മണിക്കൂര്‍ കാത്തു, വണ്ടിയുടെയും ഓടിച്ചയാളുടെയും പൊടിപോലുമില്ല! ടെസ്റ്റ് ഡ്രൈവിനെത്തി, ഒന്നര ലക്ഷത്തിന്‍റെ ബൈക്കുമായി കടന്ന് യുവാവ്.


ആലുവയില്‍ ബൈക്ക് വാങ്ങാനെത്തിയതായി നടിച്ച്‌ ടെസ്റ്റ് ഡ്രൈവിനിടെ യുവാവ് ബൈക്കുമായി കടന്ന് കളഞ്ഞു. ഏകദേശം 1.60 ലക്ഷം രൂപ വില വരുന്ന ബൈക്കാണ് ഇയാള്‍ ഓടിച്ച്‌ കൊണ്ടുപോയത്.

സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ടെങ്കിലും പ്രതിയെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ആലുവ-പെരുമ്പാവൂർ റോഡില്‍ അസ്സീസി കവലയിലെ ഫോർ വീല്‍ ഡ്രൈവ് എന്ന സ്ഥാപനത്തിലാണ് സംഭവം നടന്നത്.

ബുധനാഴ്ച ഉച്ചയ്ക്ക് ഏകദേശം 1.45നാണ് 30 വയസ് തോന്നിക്കുന്ന യുവാവ് സ്ഥാപനത്തിലെത്തിയത്. ഉച്ച ഭക്ഷണ സമയമായതിനാല്‍ ജീവനക്കാർ തിരക്കിലായിരുന്ന സമയത്താണ് ഇയാള്‍ എത്തിയത്. ബൈക്ക് വാങ്ങാനെത്തിയതാണെന്ന് പറഞ്ഞതിനെ തുടർന്ന് സ്ഥാപന പാർട്ണർ ഫൈസല്‍ ഇയാളെ വാഹനങ്ങള്‍ കാണിച്ചു. തുടർന്ന് കെഎല്‍ 35കെ 8854 നമ്പർ ബൈക്ക് ടെസ്റ്റ് ഡ്രൈവിന് നല്‍കി.

സാധാരണയായി സ്ഥാപനത്തിന്‍റെ പാർക്കിംഗ് ഏരിയയില്‍ മാത്രമാണ് ടെസ്റ്റ് ഡ്രൈവ് അനുവദിച്ചിരുന്നത്. എന്നാല്‍ ഇയാള്‍ ബൈക്ക് വേഗത്തില്‍ പുറത്തേക്ക് ഓടിച്ച്‌ കടന്നു. അര മണിക്കൂർ കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ജീവനക്കാർ സിസിടിവി പരിശോധിച്ച്‌ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ ആലുവ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Previous Post Next Post