നന്ദനം എന്ന സിനിമയിലൂടെ മലയാളികളുടെ മനസില്‍ ഗുരുവായൂരപ്പനായി സ്ഥാനം നേടി തരംഗം തീർത്ത നടനാണ് അരവിന്ദ് ആകാശ്.
നന്ദനത്തിന് മുമ്പും പിൻപും നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ശ്രീകൃഷ്ണനെന്നാല്‍ മലയാളികള്‍ക്ക് ഓർമ വരിക അരവിന്ദിന്റെ മുഖമാണ്. ഇപ്പോഴിതാ താരം വിവാഹിതനായി എന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. വിവാഹ ഫോട്ടോകളും ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായി കഴിഞ്ഞു.
സാറാ എന്നാണ് താരത്തിന്റെ പങ്കാളിയുടെ പേര്. ഇരുവരും ഏറെ നാളുകളായി പ്രണയത്തിലായിരുന്നു. മലേഷ്യയിലെ ക്വാലാലംപൂരില്‍ നടന്ന മനോഹരവും സ്വകാര്യവുമായ വിവാഹച്ചടങ്ങില്‍ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും സിനിമാരംഗത്തെ ചുരുക്കം ചില സഹപ്രവർത്തകരും മാത്രം പങ്കെടുത്തു.
വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ചർച്ചയുമായി. നിരവധി ആരാധകരും സഹപ്രവർത്തകരും നവദമ്പതികള്‍ക്ക് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്. അമ്പതാം വയസിലാണ് അരവിന്ദിന്റെ വിവാഹം എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. പലരും താരത്തിന്റെ വിവാഹ ഫോട്ടോ കണ്ട് അമ്പരന്നു. ഇത്രയും കാലം നടൻ ബാച്ച്‌ലറായിരുന്നുവോ എന്നാണ് ഏറെയും ആരാധകർ ചോദിക്കുന്നത്.
നടൻ വിവാഹിതനും കുടുംബവും കുട്ടികളുമായി കഴിയുന്ന വ്യക്തിയുമാണെന്നാണ് ഭൂരിഭാഗം പ്രേക്ഷകരും കരുതിയിരുന്നത്. പർപ്പിള്‍ നിറത്തിലുള്ള സിംപിള്‍ കുർത്തയായിരുന്നു അരവിന്ദിന്റെ വേഷം. പർപ്പിള്‍ നിറത്തിലുള്ള പട്ട് സാരിയും മിനിമല്‍ ആഭരണങ്ങളും ധരിച്ച് സുന്ദരിയായാണ് വധു സാറ എത്തിയത്. പ്രണയത്തിന് പ്രായമില്ല.