നെഹ്റു ട്രോഫി വള്ളംകളിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദ ടെൻഡർ റദ്ദാക്കി എൻടിബിആർ സൊസൈറ്റി. കോണ്‍ഗ്രസ് ജനപ്രതിനിധികളില്‍ നിന്നുപോലും വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് നെഹ്റു ട്രോഫി ജലമേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കരാർ ഓസ്കാർ ഇവൻ്റ്സിന് നല്‍കാനുള്ള തീരുമാനത്തില്‍നിന്ന് സംഘാടകർ പിന്നോട്ട് പോയത്.
സ്റ്റേജ് അടക്കം ക്രമീകരണങ്ങള്‍ ഒരുക്കാൻ പുതിയ ടെൻഡറും വിളിച്ചു.
കൊച്ചി കലൂർ സ്റ്റേഡിയത്തില്‍ ഉമ തോമസ് എംഎല്‍എ വീണുപരിക്കേറ്റ സംഭവത്തില്‍ ആരോപണ വിധേയരായ ഇവൻ്റ് മാനേജ്മെൻ്റ് കമ്പനിയെ നെഹ്റു ട്രോഫി നടത്തിപ്പ് ഏല്‍പ്പിക്കാനുള്ള നീക്കമാണ് വിവാദത്തില്‍ ആയത്. സ്റ്റേജ് മാനേജ്മെൻ്റ് അടക്കമുള്ള കാര്യങ്ങള്‍ ഈവൻ്റ് മാനേജ്മെൻ്റ് കമ്പനിയെ ഏല്‍പ്പിക്കാനായിരുന്നു വെള്ളിയാഴ്ച ചേർന്ന എൻടിബിആർ സൊസൈറ്റി യോഗം തീരുമാനിച്ചത്. എന്നാല്‍ യോഗത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ അടക്കമുള്ളവർ ഇതിനെതിരെ എതിർപ്പ് ഉയർത്തുകയായിരുന്നു. ഈവൻ്റ് മാനേജ്മെൻ്റ് കമ്പനി പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തിരുന്നു.
ഓസ്കാർ ഇവൻ്റ്സിന് ടെൻഡർ നല്‍കാനുള്ള തീരുമാനത്തിന് പിന്നില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നായിരുന്നു ആരോപണം. കൂടാതെ, കലൂർ സ്റ്റേഡിയത്തിലെ അപകടത്തെ തുടർന്ന് വിവാദത്തില്‍പെട്ട കമ്പനിയെ നെഹ്റു ട്രോഫി ട്രോഫി വള്ളംകളി പോലുള്ള പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന പരിപാടിക്ക് ഈവൻ്റ് മാനേജ്മെൻ്റ് ഏല്‍പ്പിക്കുന്നതിലും ചോദ്യം ഉയർന്നു.
ഓസ്കാർ ഇവൻ്റ്സിന് കരാർ നല്‍കാനുള്ള നീക്കത്തില്‍ ഉമ തോമസ് എംഎല്‍എയും അതൃപ്‌തി അറിയിച്ചു. ടൂറിസം മന്ത്രി പി സി വിഷ്ണുനാഥിനെയും ജില്ലാ കളക്ടറെയുമാണ് ഉമ തോമസ് അതൃപ്തി അറിയിച്ചത്. ഇതു കൂടി കണക്കിലെടുത്താണ് ടെൻഡർ റദ്ദാക്കാനുള്ള തീരുമാനം എന്നാണ് വിവരം.