,വെള്ളാപ്പള്ളി നടേശന് രാജ്യം നല്‍കി ആദരിച്ച പത്മഭൂഷണ്‍ പുരസ്കാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാല്‍പ്പര്യ ഹർജിയില്‍ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്.ഒരു വ്യക്തിക്കെതിരെ കേസുകള്‍ നിലവിലുണ്ടെന്ന ഒറ്റ കാരണത്താല്‍ അയാളെ കുറ്റക്കാരനായി മുൻകൂട്ടി കാണാനാകില്ലെന്ന് കോടതി ഉത്തരവില്‍ നിരീക്ഷിച്ചു.
വെള്ളാപ്പള്ളിക്കെതിരെയുള്ള കേസുകളില്‍ ഇതുവരെ വിചാരണ പൂർത്തിയായി ശിക്ഷ വിധിച്ചിട്ടില്ലെന്നും, ചില കേസുകളിലെ തുടർനടപടികള്‍ സുപ്രീം കോടതി തന്നെ സ്റ്റേ ചെയ്തിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഭാവിയില്‍ ഏതെങ്കിലും തരത്തില്‍ ഒരു വ്യക്തി കുറ്റക്കാരനാണെന്ന് നിയമപരമായി തെളിയുകയോ അതിനനുയോജ്യമായ സാഹചര്യങ്ങള്‍ ഉണ്ടാകുകയോ ചെയ്താല്‍, നല്‍കിയ ബഹുമതി റദ്ദാക്കാനുള്ള പൂർണ്ണ അധികാരം രാജ്യത്തിന്റെ രാഷ്ട്രപതിക്ക് നിലവിലുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഹൈക്കോടതി ഈ ഹർജി തീർപ്പാക്കിയത്.