തമ്പാനൂർ റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കിന് മുകളിലേക്ക് പൈലിങ് യന്ത്രം മറിഞ്ഞതിനെ തുടർന്ന് ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ ട്രെയിൻ ഗതാഗതം താല്‍ക്കാലികമായി നിർത്തിവച്ചു.സ്റ്റേഷൻ നവീകരണത്തിനും പുതിയ കെട്ടിട നിർമ്മാണത്തിനുമായി കൊണ്ടുവന്ന യന്ത്രമാണ് നിയന്ത്രണം വിട്ട് ചെരിഞ്ഞ് ട്രാക്കിന് മുകളിലേക്ക് പതിച്ചത്.
ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന് സമീപം പൈലിങ് ജോലികള്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു അപകടം. യന്ത്രം ചെരിഞ്ഞ് നേരിട്ട് റെയില്‍വേ ലൈനില്‍ തട്ടിയതോടെ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ആ പ്ലാറ്റ്ഫോമിലേക്കുള്ള ഗതാഗതം ഉടൻ നിർത്തിവയ്‌ക്കുകയായിരുന്നു.അപകടം നടന്ന സമയത്ത് പ്ലാറ്റ്ഫോമില്‍ യാത്രക്കാരുടെ തിരക്ക് കുറവായിരുന്നതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി. ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവില്‍ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ട ട്രെയിനുകള്‍ മറ്റ് പ്ലാറ്റ്ഫോമുകളിലേക്ക് തിരിച്ചുവിടാനാണ് സാധ്യത. മറ്റു ട്രാക്കുകളിലൂടെയുള്ള ട്രെയിൻ ഗതാഗതം സാധാരണ നിലയില്‍ തുടരുന്നുണ്ടെന്ന് റെയില്‍വേ അധികൃതർ അറിയിച്ചു.