ഡല്‍ഹിയിലെ സിജെപി സമരത്തെ പിന്തുണച്ചതില്‍ നടൻ ടൊവിനോ തോമസിന്‍റെ വീടിന് മുൻപില്‍ യുവമോർച്ചയുടെ പ്രതിഷേധം.വീടിനു മുന്നില്‍ വായ മൂടിക്കെട്ടി പ്രതിഷേധിച്ചു. ടൊവിനോയുടെത് സെലക്ടീവ് പ്രതിഷേധം എന്ന് യുവമോർച്ച ആരോപിച്ചു.
പിന്നാലെ ടൊവിനോ തോമസിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്‌ഐ രംഗത്തെത്തി. ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വീട്ടിലേക്ക് പ്രകടനവുമായെത്തി നടന് പിന്തുണ പ്രഖ്യാപിച്ചു.നീറ്റ് പരീക്ഷാ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുക ഉള്‍പ്പെടെ ആവശ്യങ്ങളുന്നയിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി ഡല്‍ഹിയില്‍ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി ടൊവിനോ രംഗത്തെത്തിയിരുന്നു.രാജ്യത്തിന്റെ ഭാവി തലമുറയുടെ ശബ്ദങ്ങള്‍ അടിച്ചമർത്തുമ്പോള്‍ അത് ഭാവിയെത്തന്നെയാണ് അടിച്ചമർത്തുന്നതെന്നും ജനാധിപത്യത്തിലുള്ള വിശ്വാസമാണ് തകരുന്നതെന്നുമായിരുന്നു താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്.