തിരൂരില്‍ 16 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍.

തിരൂർ കല്പകഞ്ചേരിയില്‍ 16 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. കല്പകഞ്ചേരി കല്ലിങ്ങല്‍ സ്വദേശിയായ അത്തിക്കപ്പറമ്പില്‍ സെയ്തലവിയുടെ മകൻ മുഹമ്മദ് ഹാഷിം (23) ആണ് പിടിയിലായത്.ആള്‍ട്ടോ കാറില്‍ സൂക്ഷിച്ച കഞ്ചാവുമായായാണ് ഇയാളെ പിടികൂടിയത്. ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദ്ദേശപ്രകാരം തിരൂർ ഡാൻസാഫ് ടീമും താനൂർ ഡാൻസാഫ് ടീമും കല്‍പകഞ്ചേരി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

പ്രദേശത്ത് ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്ള കല്പകഞ്ചേരി കേന്ദ്രീകരിച്ച്‌ വില്പന നടത്താനുള്ളതാണ് കഞ്ചാവെന്ന് പ്രതി പോലീസിനോട് പറഞ്ഞു. വൻതോതില്‍ എംഡിഎംഎ കൈവശം വെച്ചതിന് ഇയാള്‍ക്കെതിരെ മലപ്പുറം പോലീസ് സ്റ്റേഷനിലും കോട്ടക്കല്‍ പോലീസ് സ്റ്റേഷനിലും കേസുകള്‍ നിലവിലുണ്ട്. വില്‍പ്പനയ്ക്കുള്ള കഞ്ചാവ് കൈവശം വെച്ചതിന് പാലക്കാട് എക്സൈസും ഇയാള്‍ക്കെതിരെ മുൻപ് കേസെടുത്തിരുന്നു.കഴിഞ്ഞദിവസം കുറ്റിപ്പുറത്ത് 500 ഗ്രാമോളം എംഡിഎംഎയുമായി പിടിയിലായ മുഫഷിർ മലപ്പുറത്ത് എംഡിഎംഎ പിടിച്ച സംഭവത്തില്‍ ഹാഷിമിന്റെ കൂട്ടുപ്രതിയായിരുന്നു. നിരന്തരം പ്രദേശത്ത് ലഹരി വില്പന നടത്തുന്നതായി ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് നടത്തിയ അന്വേഷണത്തില്‍ മനസ്സിലായതിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങളോളം നിരീക്ഷിച്ചാണ് കഴിഞ്ഞദിവസം ഇയാളെ പോലീസ് പിടികൂടിയത്. പിടികൂടിയ സമയം പോലീസിനെ ആക്രമിച്ച്‌ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ അതിസാഹസികമായാണ് പോലീസ് പിടികൂടിയത്.
Previous Post Next Post