പുതിയ ആക്രമണങ്ങള്‍ക്ക് പിന്നാലെ ഗള്‍ഫ് മേഖലയുടെ അവശേഷിക്കുന്ന പിന്തുണയും സാധ്യതകളും കൂടി തകർത്ത് ഇറാൻ.
യുദ്ധം അവസാനിപ്പിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ തകർക്കുന്നത് ഇറാനാണെന്ന് ഗള്‍ഫ് രാജ്യങ്ങളുടെ കൂട്ടായ്മ ആഞ്ഞടിച്ചു. വെടിനിർത്തല്‍ സാധ്യമാക്കിയ ഖത്തറിന്റെയും, ഇറാനുമായി ബന്ധം ശക്തിപ്പെടുത്താൻ ശ്രമിക്കുന്ന സൗദിയുടെയും കപ്പലുകള്‍ ആക്രമിച്ചതിലൂടെ കടുത്ത രോഷമാണ് മേഖലയില്‍.
സമാധാന ധാരണയ്ക്ക് പിന്നാലെ ഇറാനുമായി വ്യാപാര ബന്ധം പുനസ്ഥാപിച്ച് തുടങ്ങിയിരുന്നു മിക്ക ഗള്‍ഫ് രാജ്യങ്ങളും. രാഷ്ട്രങ്ങളെ അമ്പരപ്പിച്ച്, ഇറാൻ മുൻ പരമോന്നത നേതാവ് അല്‍ത്തുള്ള അലി ഖംനഇയുടെ സംസ്കാര ചടങ്ങിലേക്ക് വിദേശകാര്യ സഹമന്ത്രിയെ അയക്കുക വരെ ചെയ്തു സൗദി. മേഖലയില്‍ ഇറാനുമായി സംസാരിച്ച് കാര്യങ്ങള്‍ തീരുമാനിക്കണമെന്ന് നിലപാടെടുത്തത് ഖത്തർ. എന്നാല്‍ ഹോർമൂസില്‍ ഇറാൻ പുതുതായി ആഖ്രമിച്ച കപ്പലുകളില്‍ ഒന്ന് സൗദിയുടെ അല്‍ വിദ്-യാൻ. മറ്റൊന്ന് ഖത്തറിന്റെ അല്‍ റകായത്. യുദ്ധം അവസാനിപ്പിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ തകർക്കുന്നത് ഇറാനാണെന്ന് ജിസിസി കൂട്ടായ്മ ആഞ്ഞടിച്ചു.
ബഹറൈനും കുവൈത്തിനും നേരെയുള്ള ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നിലപാട്. സമാധാന ധാരണയിലൂടെ നേടിയ നേട്ടങ്ങള്‍ നിലനിർത്തണമെന്ന് ഖത്തർ പറഞ്ഞു. എല്ലാ നഷ്ടങ്ങള്‍ക്കും പ്രത്യാഘാതങ്ങള്‍ക്കും ഉത്തരവാദി ഇറാനാണെന്ന് സൗദി മുന്നറിയിപ്പ് നല്‍കി. യുഎഇയും ഇറാനുമായി നല്ല ബന്ധം സൂക്ഷിക്കുന്ന ഒമാനും വരെ ഇന്ന് ഇറാനെ തള്ളിപ്പറഞ്ഞ് രംഗത്തെത്തി. ഇറാന് ലഭിക്കേണ്ട ഫണ്ടുകളില്‍ ബഹുഭൂരിഭാഗവും വ്യാപാരത്തിലൂടെ ലഭിക്കേണ്ടത് ഗള്‍ഫ് രാജ്യങ്ങളുടെ കൂടി പങ്കാളിത്തത്തോടെയാണ്.