മകന്‍ ആരോഗ്യ മന്ത്രിയായപ്പോള്‍ അച്ഛന് മെഡിക്കല്‍ കോളജ് കൊണ്ട് സ്മാരകം. തിരുവനന്തപുരത്തെ രണ്ടാം മെഡിക്കല്‍ കോളജിന് മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ പേരിട്ടു.
തിരുവനന്തപുരത്തെ ജനറല്‍ ആശുപത്രി, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രി എന്നിവ ചേര്‍ത്ത് രൂപീകരിക്കുന്ന പുതിയ മെഡിക്കല്‍ കോളജിനാണ് കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളജ് എന്ന പേരിട്ട് ഉത്തരവിറക്കിയത്.
കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ അത്യുന്നതങ്ങളില്‍ വിരാജിച്ചിരുന്ന ലീഡര്‍ കെ കരുണാകരന്‍ പാര്‍ട്ടിയിലെ ഗ്രൂപ്പു പോരിന്റെ പാരമ്യത്തില്‍ അവസാന കാലത്ത് മകന്‍ മുരളീധരനൊപ്പം പാര്‍ട്ടിയില്‍ നിന്നു പുറത്താവുകയും പുതിയ രാഷ്ട്രീയ പരീക്ഷണങ്ങള്‍ പരാജയപ്പെട്ട് ഒടുവില്‍ കോണ്‍ഗ്രസ്സില്‍ തിരിച്ചെത്തുകയും ചെയ്തിരുന്നു. ലീഡറും മകനും തമ്മിലുള്ള ബന്ധമായിരുന്നു ഈ രാഷ്ട്രീയ നീക്കങ്ങളിലെ പ്രധാന ഹേതു. മന്ത്രിയായി ഉപതിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ പരാജയപ്പെട്ടതടക്കം നടുക്കുന്ന ഓര്‍മകളുള്ള കെ മുരളീധരന്‍ ആരോഗ്യമന്ത്രിയായി അധികാരത്തില്‍ തിരിച്ചെത്തുമ്പോള്‍ പിതാവിനു നല്‍കുന്ന ശക്തമായ സ്മാരകമായി മാറുകയാണ് ഈ തീരുമാനം.