ദില്ലിയില്‍ സിജെപി സമരം ശക്തമാകുന്നു; പാര്‍ലമെന്റ് ഇന്നും സ്തംഭിച്ചേക്കും

നീറ്റ് ഉള്‍പ്പെടെയുള്ള വിവിധ മത്സരപരീക്ഷകളിലെ ക്രമക്കേടുകള്‍ക്കെതിരെ കോക്ക്റോച്ച്‌ ജനതാ പാർട്ടി നടത്തുന്ന പ്രക്ഷോഭം ദില്ലിയില്‍ കൂടുതല്‍ കരുത്താർജ്ജിക്കുന്നു.

ജന്തർമന്തറില്‍ സമരം തുടരുന്ന പ്രക്ഷോഭകരുമായി ചർച്ച നടത്താൻ കേന്ദ്ര സർക്കാർ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ ദിവസം നടന്ന ശക്തമായ സംഘർഷങ്ങളുടെ പശ്ചാത്തലത്തില്‍ സമരവേദിക്കും പരിസരപ്രദേശങ്ങള്‍ക്കും ചുറ്റും കൂടുതല്‍ പൊലീസിനെ വിന്യസിക്കാൻ അധികൃതർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി തലസ്ഥാനത്ത് ഇന്നും കടുത്ത ഗതാഗത-സുരക്ഷാ നിയന്ത്രണങ്ങള്‍ തുടരുകയാണ്. കേരളമടക്കമുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമരക്കാർക്ക് പിന്തുണ പ്രഖ്യാപിച്ച്‌ പ്രതിഷേധ പരിപാടികള്‍ നടക്കുന്നുണ്ട്.

ലോക്‌സഭയില്‍ അടിയന്തര പ്രമേയം; പാർലമെന്റ് സ്തംഭിച്ചേക്കും

അതേസമയം, പരീക്ഷാ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുകയാണ്. വിഷയം സഭ നിർത്തിവെച്ച്‌ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികള്‍ ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടും. സർക്കാരും വിഷയത്തില്‍ ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിക്കുന്നുണ്ടെങ്കിലും ചർച്ച എപ്പോള്‍, ഏത് രീതിയില്‍ നടത്തുമെന്നതില്‍ വ്യക്തത വരുത്തിയിട്ടില്ല. കേന്ദ്രത്തിന്റെ ഈ നിലപാടില്‍ പ്രതിഷേധിച്ച്‌ സഭാ നടപടികള്‍ ഇന്നും സ്തംഭിക്കാനാണ് സാധ്യത.

Previous Post Next Post