പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പക; മംഗളൂരുവില്‍ ബസ് സ്റ്റാൻഡില്‍ യുവതിയെ വെട്ടിക്കൊന്നു; അകന്നബന്ധുവായ പ്രതി എലിവിഷം കഴിച്ചനിലയില്‍.


പ്രണയാഭ്യർഥന നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ യുവതിയെ ബസ് സ്റ്റാൻഡിലിട്ട് വെട്ടിക്കൊന്നു. ദക്ഷിണ കന്നഡ ജില്ലയിലെ കക്യാപഡവു സ്വദേശി ലാവണ്യ(21)യാണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ പ്രതിയായ ബെല്‍ത്തങ്ങാടി സ്വദേശി ചേതനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. അതേസമയം, വിഷംകഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ച ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നില ഗുരുതരമാണെന്നാണ് വിവരം.

വ്യാഴാഴ്ച വൈകിട്ട് മംഗളൂരു ബണ്ട്വാളിലെ കെഎസ്‌ആർടിസി ബസ് സ്റ്റാൻഡില്‍വെച്ചാണ് യുവതിയെ വെട്ടിക്കൊലപ്പെടുത്തിയത്. കല്ലഡ്കയിലെ സ്വകാര്യ നഴ്സിങ് കോളേജിലെ ജീവനക്കാരിയാണ് ലാവണ്യ. വ്യാഴാഴ്ച വൈകിട്ട് ബസ് സ്റ്റാൻഡില്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് ചേതൻ കാറില്‍ ഇവിടേക്കെത്തിയത്. തുടർന്ന് യുവതിയുടെ അടുത്തെത്തിയ പ്രതി ബാഗില്‍ കരുതിയ ആയുധം ഉപയോഗിച്ച്‌ ആക്രമിക്കുകയായിരുന്നു. യുവതി ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതി പിന്തുടർന്നെത്തി വെട്ടിവീഴ്ത്തി. തുടർന്ന് നിലത്തുവീണ യുവതിയെ പലതവണ വെട്ടിപ്പരിക്കേല്‍പ്പിച്ചതായും ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ പ്രതി കാറില്‍ കയറി രക്ഷപ്പെട്ടു. വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ യുവതിയെ നാട്ടുകാർ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

അതേസമയം, പ്രതിയായ ചേതനെ മംഗളൂരുവിലെ പച്ച്‌നാഡിയില്‍നിന്ന് പിന്നീട് കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. എന്നാല്‍, ഇയാള്‍ എലിവിഷം കഴിച്ച നിലയിലായിരുന്നു. ഇതോടെ പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഇയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

Previous Post Next Post