പാകംചെയ്‌തുനല്‍കിയ ഭക്ഷണത്തിന് രുചിയില്ലെന്നാരോപിച്ച് ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേല്‍പ്പിച്ചു.
അങ്കമാലിയിലെ മീൻ വിലാസം ഹോട്ടലിന്റെ ഉടമകളിലൊരാളായ മുഹമ്മദ് ഉബൈസാണ് ജീവനക്കാരനെ കത്തികൊണ്ട് വെട്ടിയത്. ഹോട്ടലില്‍ പാചകത്തൊഴിലാളിയായി ജോലി ചെയ്യുന്ന കൊല്ലം സ്വദേശി റിയാസിനാണ് വെട്ടേറ്റത്. കൈയില്‍ വെട്ടേറ്റ റിയാസ് ആശുപത്രിയിലെത്തി ചികിത്സ തേടിയശേഷം വീട്ടിലേക്ക് മടങ്ങി.
കഴിഞ്ഞ ദിവസം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ ഉബൈസ് മീൻ ഫ്രൈയ്‌ക്ക് രുചിയില്ലെന്നും ഉപ്പ് കുറവാണെന്നും പറഞ്ഞ് റിയാസിനെ ചോദ്യംചെയ്‌തു. ഹോട്ടലിലെ ഫ്രീസർ തകരാറിലായതിനാലാണെന്നും ഇതുവരെ നന്നാക്കിയിട്ടില്ലെന്നും റിയാസ് മറുപടി പറഞ്ഞതോടെ വാർക്കുതർക്കമായി. തുടർന്ന് ജീവനക്കാരൻ അടുക്കളയിലേക്ക് മടങ്ങിയപ്പോള്‍ പിന്നാലെയെത്തിയാണ് ഉബൈസ് ആക്രമിച്ചത്. അടുക്കളയിലിരുന്ന കത്തിയാണ് ആക്രമണത്തിനുപയോഗിച്ചത്. സംഭവത്തില്‍ അങ്കമാലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.