ഇന്ന് 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. ചൊവ്വാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. കേരള-കർണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീൻപിടിത്തത്തിനുള്ള നിരോധനം തുടരുകയാണ്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കനത്ത മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നാശനഷ്ടങ്ങളുണ്ടായി. മലപ്പുറം തേഞ്ഞിപ്പലം കടക്കാട്ടുപാറയില്‍ വീടിനോട് ചേർന്ന് മണ്ണിടിഞ്ഞു. സമീപത്തെ കിണറും ഇടിഞ്ഞ് താഴ്ന്നു. കടയ്ക്കാട്ടുപ്പാറ മുസ്തഫയുടെ വീട് അപകട ഭീഷണിയിലായി. കുടുംബത്തെ തൊട്ടടുത്തുള്ള വീട്ടിലേക്ക് മാറ്റി പാർപ്പിച്ചു.