രണ്ടുമാസം തികയുന്നതിന് മുമ്പേ ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ കൂട്ടരാജി.
അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ശ്രീലാല്‍, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ഗോവിന്ദരാജ് അപ്രതീക്ഷിതമായി രാജിവച്ചത്. അമിത ജോലിഭാരത്തെ തുടർന്നാണ് രാജി നല്‍കിയതെന്നാണ് വിശദീകരണം നല്‍കിയിരിക്കുന്നത്.
അതേസമയം, മന്ത്രിയുടെ ഓഫീസില്‍ ഉന്നതർ തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്നാണ് പെട്ടെന്നുള്ള രാജി എന്നാണ് സൂചന. ആരോഗ്യ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ. ഡി സുനില്‍ മറ്റ് സ്റ്റാഫുകള്‍ക്കിടയില്‍ അമിതാധികാരം പ്രയോഗിക്കുന്നതിനാലാണ് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ തീരുമാനത്തിന് പിന്നിലെന്ന ആക്ഷേപവും ശക്തമാണ്. കെ മുരളീധരന്റെ മറ്റൊരു അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുമായുള്ള തർക്കമാണ് രാജിക്ക് പിന്നിലെന്നും അഭ്യൂഹങ്ങളുണ്ട്.
വിവേചനങ്ങളും അധികാരത്തർക്കങ്ങളും കാരണം ഓഫീസില്‍ പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് രാജിവച്ച പ്രവർത്തകരുടെ അടുത്ത കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നു. രാജി സമർപ്പിച്ച രണ്ടുപേരെയും ഔദ്യോഗിക ചുമതലങ്ങളില്‍ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി.