ധവളപത്രം ഇന്ന് നിയമസഭയില്‍ വയ്ക്കും; സംസ്ഥാനത്തിന്‍റെ സാമ്പത്തികസ്ഥിതി അറിയാം.

സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് നിയമസഭയില്‍ വയ്ക്കും.ധവളപത്രത്തില്‍ സാമ്പത്തിക പ്രതിസന്ധിക്കുള്ള പരിഹാര നിര്ദേശങ്ങളുമുണ്ടാകും.

രാവിലെ എട്ടിന് ചേരുന്ന മന്ത്രിസഭാ യോഗം ധവളപത്രത്തിന് അന്തിമ അംഗീകാരം നല്‍കും. മുൻ കാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖർ അധ്യക്ഷനായ വിദഗ്ധ സമിതിയാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരിശോധിച്ച്‌ ധവളപത്രം തയാറാക്കിയത്.

സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് (സിഡിഎസ്) ഡയറക്ടർ ഡി. വീരമണി, മുൻ സിഡിഎസ് ഡയറക്ടർ ഡി. നാരായണ എന്നിവർ സമിതിയിലെ മറ്റ് അംഗങ്ങളായിരുന്നു. ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാലാണ് സമിതിയുടെ കണ്‍വീനർ.

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച്‌ അധികാരത്തിലെത്തിയാല്‍ ധവളപത്രം പുറത്തിറക്കുമെന്നത് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. സർക്കാർ രൂപീകരണത്തിന് പിന്നാലെ ധനവകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ പത്ത് വർഷത്തിനിടെ സംസ്ഥാന സർക്കാരിന്റെ വരുമാന-ചെലവ് കണക്കുകള്‍, വരുമാനച്ചോർച്ച, നികുതി പിരിവിലെ വീഴ്ചകള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള വിശദമായ വിലയിരുത്തലുകള്‍ ധവളപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.

വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര സർക്കാരില്‍ നിന്ന് ലഭിച്ച ഫണ്ടുകളുടെ വിനിയോഗം, ഫണ്ട് വകമാറ്റി ചെലവഴിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍, ധനകാര്യ മാനേജ്മെന്റി വീഴ്ചകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളും റിപ്പോർട്ടില്‍ പ്രതിപാദിക്കുന്നുണ്ട്.
Previous Post Next Post