കുവൈത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തില്‍ പരിക്ക് പറ്റിയവരില്‍ മലയാളികളും. ആകെ 12 ഇന്ത്യക്കാർക്കാണ് പരിക്കേറ്റത്.
ഇതില്‍ മൂന്ന് മലയാളികള്‍ ഉണ്ടെന്നാണ് സൂചന. കുവൈത്തില്‍ അമേരിക്കൻ ഡ്രോണ്‍ സംഭരണ കേന്ദ്രത്തെയാണ് ആക്രമിച്ചതെന്ന് ഇറാൻ വ്യക്തമാക്കി. അലി അല്‍ സലീം എയർ ബേസില്‍ വിമാനങ്ങളെയും ലക്ഷ്യമിട്ടുവെന്നും ഇറാൻ അറിയിച്ചു. ആക്രമണത്തില്‍ ഇന്ത്യക്കാരൻ മരിച്ചുവെന്നും റിപ്പോർട്ട് വന്നിരുന്നു. അതേസമയം, യുഎസ് പ്രസിഡന്റ് ട്രംപിനെ തള്ളി ഇറാൻ രംഗത്തെത്തി. കഴിഞ്ഞ കുറെ ദിവസമായി ചർച്ച നടന്നിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കി. ചർച്ച മുന്നോട്ടു പോകുന്നുവെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു.കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിന് പിന്നാലെ ജിസിസി രാജ്യങ്ങള്‍ ഇറാനെതിരെ കടുത്ത നിലപാടിലേക്ക് കന്നു. ഇറാനുമായുള്ള നയതന്ത്ര ബന്ധമടക്കം വിച്ഛേദിക്കുന്ന കടുത്ത തീരുമാനത്തിലേക്കാണ് കുവൈത്ത് എത്തിയിരിക്കുന്നത്. രാജ്യത്തുള്ള ഇറാനിയൻ നയതന്ത്രജ്ഞർ 24 മണിക്കൂറിനകം കുവൈത്ത് വിടണമെന്ന് കുവൈത്ത് സർക്കാർ ആവശ്യപ്പെട്ടു. കുവൈത്തിന് നേരെ ഇന്നും തുടരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇറാനെതിരെ കടുത്ത നയതന്ത്ര നടപടി സ്വീകരിക്കുന്നതെന്ന് കുവൈത്ത് വ്യക്തമാക്കി. ഇതിനിടെ ഇറാന്റെ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ജി സി സി കൂട്ടായ്മയും രംഗത്തെത്തി.
അതേസമയം ചർച്ചകള്‍ സ്തംഭിച്ചു നില്‍ക്കുന്നതിനിടെ അമേരിക്ക - ഇറാൻ സംഘർഷം മേഖലയിലേക്ക് വ്യാപിക്കുന്നതിന്‍റെ ആശങ്കിലാണ് ഗള്‍ഫ് രാജ്യങ്ങള്‍. അമേരിക്കയ്ക്ക് തിരിച്ചടിയായി ഇറാൻ നടത്തിയ രൂക്ഷ ആക്രമണത്തില്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് സാരമായ നാശനഷ്ടമുണ്ടായി.