സെൻസസ് 2027: സ്വന്തമായി വിവരങ്ങള്‍ രേഖപ്പെടുത്താൻ 16 മുതല്‍ അവസരം.

രാജ്യത്തെ പ്രഥമ ഡിജിറ്റല്‍ സെൻസസിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് സ്വന്തമായി വിവരങ്ങള്‍ ഓണ്‍ലൈനായി രേഖപ്പെടുത്താനുള്ള (സെല്‍ഫ് എന്യൂമറേഷൻ) സൗകര്യം 16 മുതല്‍ ലഭ്യമാകും.16 മുതല്‍ 30 വരെയാണ് ഇതിനായി സമയം അനുവദിച്ചിരിക്കുന്നത്. ജൂലായ് ഒന്നു മുതല്‍ 31 വരെ സെൻസസ് ഉദ്യോഗസ്ഥർ വീടുകളിലെത്തി വിവരങ്ങള്‍ ശേഖരിക്കുന്നതിന് മുന്നോടിയായാണ് വ്യക്തികള്‍ക്ക് തങ്ങളുടെ കുടുംബത്തിലെ വിവരങ്ങള്‍ ഓണ്‍ലൈൻ പോർട്ടല്‍ വഴി നേരിട്ട് സമർപ്പിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുള്ളത്. 15 -20 മിനിറ്റിനുള്ളില്‍ ഈ പ്രക്രിയ പൂർത്തിയാക്കാൻ സാധിക്കും.

ജൂണ്‍ 30നകം വിവരങ്ങള്‍ സമർപ്പിക്കാത്തവർക്ക് സെല്‍ഫ്‌ഇന്യൂമറേഷൻ പൂർത്തിയാക്കാൻ കഴിയില്ല. അങ്ങനെയുള്ളവരുടെ വിവരങ്ങള്‍ ഉദ്യോഗസ്ഥർ വീടുകളില്‍ നേരിട്ടെത്തി ശേഖരിക്കും.

പൊതുജനങ്ങള്‍ക്ക് https://se.census.gov.in പോർട്ടല്‍ സന്ദർശിച്ച്‌ സംസ്ഥാനം തിരഞ്ഞെടുത്ത ശേഷം കുടുംബനാഥന്റെ പേരും മൊബൈല്‍ നമ്പറും നല്‍കി രജിസ്റ്റർ ചെയ്യാം.

ഒരു കുടുംബത്തിന് ഒരു മൊബൈല്‍ നമ്പർ മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ.

ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുത്ത് ഒ.ടി.പി വഴി വെരിഫിക്കേഷൻ പൂർത്തിയാക്കണം.

ഒരിക്കല്‍ തെരഞ്ഞെടുത്ത ഭാഷ പിന്നീട് മാറ്റാൻ കഴിയില്ല.

ലൊക്കേഷൻ വിവരങ്ങള്‍ നല്‍കുക.

തുടർന്ന് പോർട്ടലിലെ മാപ്പില്‍ കൃത്യമായ താമസസ്ഥലം 'റെഡ് മാർക്കർ' ഉപയോഗിച്ച്‌ അടയാളപ്പെടത്തേണ്ടതുണ്ട്.

തുടർന്ന് സെൻസസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി വിവരങ്ങള്‍ പരിശോധിച്ച ശേഷം (പ്രിവ്യൂ) അന്തിമ സമർപണം നല്‍കാം.

വിവരങ്ങള്‍ വിജയകരമായി രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ 'എച്ച്‌' എന്ന് തുടങ്ങുന്ന 11 അക്ക പ്രത്യേക സെല്‍ഫ്‌ഇന്യൂമറേഷൻ ഐഡി (എസ്.ഇ. ഐഡി) ലഭിക്കും.
സെൻസസ് ഉദ്യോഗസ്ഥർ പിന്നീട് വീട് സന്ദർശിക്കമ്പോള്‍ ഈ ഐഡി കൈമാറിയാല്‍ വിവരങ്ങള്‍ ഡിജിറ്റലായി സ്ഥിരീകരിക്കപ്പെടും.
Previous Post Next Post