സംസ്ഥാനത്ത് നാളെ അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം.

സംസ്ഥാനത്ത് നാളെ അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം. ട്രോളിങ് നിരോധനത്തിന്‍റെ ഭാഗമായി മത്സ്യ ബന്ധനത്തിനുപോകുന്ന സംസ്ഥാനത്തെ 10,000ഓളം ബോട്ടുകള്‍ കരക്കടുപ്പിക്കുമ്പോള്‍ മീൻപിടിത്തം ആശ്രയിച്ച്‌ കഴിയുന്ന കുടുംബങ്ങളുടെ ജീവിതം താളം തെറ്റും.ഒമ്പതിന് അർധരാത്രി മുതലുള്ള 52 ദിവസം മത്സ്യത്തൊഴിലാളികള്‍ക്ക് പട്ടിണിക്കാലമാണ്. മുൻവർഷങ്ങളില്‍ 47 ദിവസമാണ് ട്രോളിങ് നിരോധന കാലയളവെങ്കില്‍ രണ്ട് വർഷമായി ഇത് 52 ദിവസമാണ്.

അര്‍ധരാത്രി 12നു മുമ്പായി എല്ലാ ബോട്ടുകളും ഹാര്‍ബറുകളില്‍ പ്രവേശിക്കാനാണ് നിര്‍ദേശം. തീരത്തടുപ്പിച്ച ബോട്ടുകള്‍ നിരോധനം അവസാനിക്കുന്ന ജൂലായ് 31ന് രാത്രി 12നുശേഷമേ മത്സ്യബന്ധനത്തിന് പുറപ്പെടാന്‍ പാടുളളൂ. എന്‍ജിന്‍ ഘടിപ്പിച്ച വള്ളങ്ങള്‍ക്കും പരമ്പരാഗത യാനങ്ങള്‍ക്കും കടലില്‍ മത്സ്യബന്ധനത്തിന് കടലില്‍പോകാം.

എന്നാല്‍, കുഞ്ഞന്‍ മീനുകളെ പിടിക്കുന്നതിന് നിരോധനമുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് ഇടയില്‍നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ യുവാക്കള്‍ കടല്‍ സുരക്ഷ സേനാംഗങ്ങളായി ട്രോളിങ് നിരോധന സമയത്ത് പ്രവര്‍ത്തിക്കും. ഈ സമയത്ത് പെട്രോളിങ്ങിനും കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി എല്ലാ തീരദേശ ജില്ലകളിലുമായി ഫിഷറീസ്-മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ബോട്ടുകളും നിരീക്ഷണത്തിനിറങ്ങും.
Previous Post Next Post