റെയില്‍വേ ടിക്കറ്റ് ബുക്കിംഗ്; പുതിയ റിസര്‍വേഷൻ സംവിധാനം ഓഗസ്റ്റ് മുതല്‍

റെയില്‍വേയുടെ ടിക്കറ്റ് ബുക്കിംഗ് രംഗത്ത് വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി കേന്ദ്ര റെയില്‍വേ മന്ത്രാലയം.നിലവിലുള്ള ടിക്കറ്റ് ബുക്കിംഗ് സംവിധാനം കൂടുതല്‍ ജനസൗഹൃദവും ആധുനികവുമാക്കുന്നതിന്റെ ഭാഗമായി നവീകരിച്ച പാസഞ്ചർ റിസർവേഷൻ സിസ്റ്റം ഓഗസ്റ്റ് മുതല്‍ ഘട്ടംഘട്ടമായി നടപ്പിലാക്കിത്തുടങ്ങും.

1986 മുതല്‍ റെയില്‍വേ ഉപയോഗിച്ചുവരുന്ന പഴക്കമേറിയ പ്ലാറ്റ്ഫോമിനു പകരമായാണ് പൂർണമായും ഡിജിറ്റല്‍ സംവിധാനങ്ങളോടെയുള്ള പുതിയ പതിപ്പ് അവതരിപ്പിക്കുന്നത്.

ടിക്കറ്റ് ബുക്കിംഗ് ശേഷി വർധിപ്പിക്കുക, ഉയർന്ന സാങ്കേതികവിദ്യയുടെ സഹായത്തോടെ യാത്രാക്ലേശം കുറയ്ക്കുക എന്നിവയാണ് പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ ഈ റെയില്‍വേ പരിഷ്കരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഒരേസമയം ലക്ഷക്കണക്കിന് യാത്രക്കാർക്ക് തടസമില്ലാതെ വേഗത്തില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാൻ സാധിക്കും.

ആർട്ടിഫിഷല്‍ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ വെയ്റ്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റുകള്‍ കണ്‍ഫേം ആകാനുള്ള സാധ്യതകള്‍ യാത്രക്കാർക്ക് കൃത്യമായി പ്രവചിക്കാൻ പുതിയ പ്ലാറ്റ്ഫോമിലൂടെ സാധ്യമാകും. പേയ്മെന്റ് പരാജയപ്പെടുന്നത് ഒഴിവാക്കാനും എളുപ്പത്തില്‍ റീഫണ്ട് ലഭ്യമാക്കാനും ഈ നവീകരണം സഹായിക്കും.

പുതിയ റിസർവേഷൻ സംവിധാനത്തിലേക്കുള്ള മാറ്റം വളരെ സുതാര്യമായിരിക്കണമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് നിർദേശിച്ചിട്ടുണ്ട്. റെയില്‍ ഭവനില്‍ നടന്ന ഉന്നതതല യോഗത്തില്‍ പദ്ധതിയുടെ പുരോഗതി വിലയിരുത്തിയ അദ്ദേഹം, പുതിയ പ്ലാറ്റ്ഫോമിലേക്ക് മാറുമ്പോള്‍ സാധാരണക്കാരായ യാത്രക്കാർക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും തടസങ്ങളും നേരിടുന്നില്ലെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നല്‍കി.
Previous Post Next Post