വണ്‍വേ തെറ്റിച്ചുള്ള കെഎസ്‌ആര്‍ടിസിയുടെ അപകടയാത്ര; ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു.

ദേശീയപാതയില്‍ മൂന്ന് കിലോമീറ്ററോളം ദൂരം വണ്‍വേ തെറ്റിച്ച്‌ കെഎസ്‌ആർടിസി സൂപ്പർഫാസ്റ്റ് ബസ് ഓടിച്ച സംഭവത്തില്‍ ജീവനക്കാർക്കെതിരെ കർശന നടപടി.ബസ് ഡ്രൈവർ എ. ഗോഡ്വിൻ രാജ്, കണ്ടക്ടർ വി.എസ്. ഷാ എന്നിവരെ സർവീസില്‍ നിന്നും അടിയന്തരമായി നീക്കം ചെയ്തതായി കെഎസ്‌ആർടിസി സിഎംഡി പ്രമോജ് ശങ്കർ അറിയിച്ചു. ഇവർക്കെതിരെയുള്ള വിജിലൻസിന്റെ വിശദമായ തുടരന്വേഷണം പുരോഗമിക്കുകയാണ്.

കഴിഞ്ഞ ജൂണ്‍ 4-നായിരുന്നു കെഎസ്‌ആർടിസി ജീവനക്കാരുടെ ഭാഗത്തുനിന്നും ഗുരുതരമായ നിയമലംഘനമുണ്ടായത്. നെയ്യാറ്റിൻകര യൂണിറ്റിലെ KS-600 സൂപ്പർഫാസ്റ്റ് ബസാണ് മറ്റ് വാഹനങ്ങള്‍ക്കും യാത്രക്കാർക്കും ഭീഷണിയാകുംവിധം വണ്‍വേയിലൂടെ പാഞ്ഞത്. നെയ്യാറ്റിൻകരയില്‍ നിന്നും കണ്ണൂരിലേക്ക് സർവീസ് നടത്തുന്നതിനിടെ കോഴിക്കോട് പന്തീരാങ്കാവ് ടോള്‍ പ്ലാസയ്ക്ക് സമീപമായിരുന്നു സംഭവം.

വണ്‍വേ തെറ്റിച്ച്‌ എതിരെ വരുന്ന വാഹനങ്ങളെപ്പോലും വകവെക്കാതെ ബസ് മുന്നോട്ട് കുതിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വൻ ദുരന്തത്തിന് വഴിവെക്കാമായിരുന്ന ജീവനക്കാരുടെ ഈ നടപടിക്കെതിരെ പൊതുജനങ്ങളില്‍ നിന്നും കടുത്ത പ്രതിഷേധമാണ് ഉയർന്നത്.
Previous Post Next Post