ശൈശവ വിവാഹം തടയുന്നതിനായി വിവാഹ ക്ഷണക്കത്തുകളില്‍ വധൂവരന്മാരുടെ ജനനത്തീയതി രേഖപ്പെടുത്തുന്നതിനുള്ള നിയമം കൊണ്ടുവരാനൊരുങ്ങി മഹാരാഷ്‌ട്ര.
വിവാഹ സമയത്ത് ദമ്പതികളുടെ പ്രായം പരിശോധിക്കുന്നതിന് ഈ രീതി സഹായിക്കുമെന്ന് വനിതാ ശിശു വികസന മന്ത്രി അദിതി തത്കരെ നിയമസഭയെ അറിയിച്ചു. അഞ്ച് വർഷംകൊണ്ട് സംസ്ഥാനത്ത് ശൈശവവിവാഹം തടയുന്നതിനുള്ള നടപടികളുടെ ഭാഗമാണ് നീക്കം.
ജനനത്തീയതി സത്യസന്ധമാണെന്ന് ഉറപ്പാക്കുന്നതില്‍ അച്ചടിശാലകള്‍, വിവാഹ ഹാളുകള്‍, വിവാഹവുമായി ബന്ധപ്പെട്ട സംഘാടകർ എന്നിവർക്കും ചുമതല നല്‍കുന്നവിധത്തിലാകും പദ്ധതി അവതരിപ്പിക്കുന്നതെന്ന് തത്‌കരെ പറഞ്ഞു. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ശൈശവ വിവാഹം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ബാലാവകാശ കമ്മീഷനാണ് ഇത്തരമൊരു നിയമത്തിന് ശുപാർശ ചെയ്‌തത്.
മഹാരാഷ്‌ട്രയിലെ പർഭാനി ജില്ലയാണ് ഏറ്റവും ഉയർന്ന ശൈശവ വിവാഹനിരക്കായ 48% രേഖപ്പെടുത്തിയത്. തൊട്ടുപിന്നാലെ ബീഡ് (43.7%), ധുലെ (40.5%), സോളാപൂർ (40.3%) എന്നീ ജില്ലകളുമുണ്ട്. എന്നിരുന്നാലും, സംസ്ഥാനത്തെ ശൈശവ വിവാഹനിരക്ക് 2019-21 കാലഘട്ടത്തിലെ 21.9 ശതമാനത്തില്‍നിന്ന് 2023-24ല്‍ 19.6 ശതമാനമായി കുറഞ്ഞിട്ടുണ്ടെന്നാണ് തത്‌കരെ പറയുന്നത്. ശൈശവ വിവാഹങ്ങള്‍ തടയുന്നതിനായി കളക്‌ടർമാരുടെ നേതൃത്വത്തിലുള്ള ജില്ലാ ആക്ഷൻ സമിതികള്‍, ഗ്രാമസംരക്ഷണ സമിതികള്‍, താലൂക്ക് ഗ്രാമപഞ്ചായത്ത് തലങ്ങളിലെ കമ്മിറ്റികള്‍ തുടങ്ങിയവ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.