മേയര്‍ വിവി രാജേഷിന്റെ കാലിന് പ്ലാസ്റ്ററിട്ടു; ഡെപ്യൂട്ടി മേയര്‍ക്കും പരിക്ക്, 16 പേര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.


കോർപ്പറേഷനിലെ സംഘർഷത്തില്‍ പരിക്കേറ്റ മേയർ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു. പരിക്കേറ്റ മേയർ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയത്.

ഡെപ്യൂട്ടി മേയർ ജി എസ് ആശാനാഥും ചികിത്സ തേടിയിട്ടുണ്ട്. സത്യപ്രതിജ്ഞാ വിവാദത്തിലാണ് തിരുവനന്തപുരം കോർപ്പറേഷനില്‍ സിപിഎം-ബിജെപി കൗണ്‍സിലർമാർ തമ്മില്‍ സംഘർഷമുണ്ടായത്.

മേയർ വി വി രാജേഷിനെ ഓഫീസില്‍ കയറാൻ അനുവദിക്കാതെ സിപിഎം കൗണ്‍സിലർമാർ തടയാൻ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഓഫീസിലേയ്ക്ക് പ്രവേശിക്കാൻ ശ്രമിച്ചതിനെത്തുടർന്നുണ്ടായ ഉന്തിലും തള്ളിലുംപെട്ട് മേയറും മുതിർന്ന നേതാവ് വഞ്ചിയൂർ ബാബുവും നിലത്തുവീഴുകയായിരുന്നു. ബലം പ്രയോഗിച്ചുള്ള സമരം അംഗീകരിക്കില്ലെന്ന് മേയർ വ്യക്തമാക്കി. അനാവശ്യ പ്രകോപനം സിപിഎം കൗണ്‍സിലർമാരുടെ ഭാഗത്തുനിന്നുണ്ടായി. രാവിലെ മുതല്‍ മേയറെ കാണാനെത്തിയവരെ തടഞ്ഞു. ബിജെപിയുടെ വനിതാ കൗണ്‍സിലർമാരെ ആക്രമിച്ചു. തനിക്ക് കാലിന് പരിക്കേറ്റുവെന്നും മേയർ വ്യക്തമാക്കുകയായിരുന്നു.

Previous Post Next Post