ഏറ്റുമാനൂരിലെ ഏഴരപ്പൊന്നാനയുടെ സ്വര്‍ണവും മാറ്റിയെന്ന്; പരിശോധനയ്ക്ക് ഉത്തരവിട്ട് കോടതി.


ഏറ്റുമാനൂര് ക്ഷേത്രത്തിലെ ഏഴരപ്പൊന്നാന പൊതിഞ്ഞിരുന്ന സ്വര്ണപ്പാളികളുടെ നവീകരണ ജോലികള്ക്കിടെ സ്വര്ണപ്പാളികള് മാറ്റി ചെമ്പ് പോലുള്ള മൂല്യം കുറഞ്ഞ ലോഹങ്ങള് സ്ഥാപിച്ചെന്ന പരാതിയില് പരിശോധനയ്ക്ക് ഉത്തരവിട്ട് ഹൈക്കോടതി.

എ.ജി. പ്രസാദ് കുമാര് എന്ന ഭക്തന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില് തിരുവിതാംകൂര് ദേവസ്വം ബോര്ഡ് ചീഫ് വിജിലന്സ് ആന്ഡ് സെക്യൂരിറ്റി ഓഫീസര് ഏഴരപ്പൊന്നാന പരിശോധിച്ച്‌ റിപ്പോര്ട്ട് നല്കാനാണു ജസ്റ്റീസുമാരായ വി. രാജ വിജയരാഘവന്, കെ.വി. ജയകുമാര് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.

ക്ഷേത്രത്തിലെ രജിസ്റ്ററുകളും ഏഴരപ്പൊന്നാനയും നേരിട്ടു പരിശോധിക്കാനും സ്വര്ണത്തിന്റെ തൂക്കവും നിലവാരവും മറ്റും ഉറപ്പുവരുത്താന് സ്വര്ണപ്പണിക്കാരന്റെ സേവനം തേടാനും നിര്ദേശിച്ചിട്ടുണ്ട്.

ക്രമക്കേട് നടന്നതിനു രേഖകളില്ലെന്ന അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെയും അസി. ദേവസ്വം കമ്മീഷണറുടെയും റിപ്പോര്ട്ടുകള് കോടതി പരിശോധിച്ചിരുന്നു. ഇത് അവിശ്വസിക്കേണ്ട സാഹചര്യമില്ലെങ്കിലും ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. തുടര്ന്ന് ഹര്ജി ജൂലൈ 31ന് പരിഗണിക്കാന് മാറ്റി.

Previous Post Next Post