സംസ്ഥാനത്ത് അടുത്ത മൂന്നു വർഷത്തിനുള്ളില്‍ പാല്‍ ഉത്പാദനം 100 ലക്ഷം (ഒരു കോടി) ലിറ്ററായി വർധിപ്പിക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു. തിരുവനന്തപുരത്ത് ജവഹർ സഹകരണ ഭവനില്‍ ലോക ക്ഷീരദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
സമഗ്രമായ ഈ വലിയ ലക്ഷ്യത്തിലേക്കെത്താൻ ക്ഷീരകർഷകരുടെയും സംഘങ്ങളുടെയും എല്ലാവിധ സഹകരണവുമുണ്ടാവണം. നിലവില്‍ 70 ലക്ഷം ലിറ്റർ പാലാണ് സംസ്ഥാനത്ത് ഉത്പദിപ്പിക്കുന്നത്, എന്നാല്‍ നമ്മുടെ ആവശ്യം 86 ലക്ഷം ലിറ്ററാണ്. പാല്‍ ഉത്പാദനം വർധിപ്പിക്കുന്നതിനൊപ്പം പാലിന്റെ മൂല്യവർധിത ഉത്പന്നങ്ങള്‍ നിർമിക്കുന്നതിനുള്ള സംരംഭങ്ങള്‍ക്ക് സർക്കാർ പൂർണ പിന്തുണ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്ഷീരകർഷകർ നേരിടുന്ന പ്രധാന പ്രതിസന്ധിയായ കാലിത്തീറ്റയുടെ വിലക്കയറ്റം തടയാൻ സർക്കാർ വിപണിയില്‍ കർശനമായി ഇടപെടും. പാലിന് വില കൂട്ടുമ്പോള്‍ കാലിത്തീറ്റ കമ്പനികളും അന്യായമായി വില വർധിപ്പിച്ച് കർഷകരെ ദ്രോഹിക്കുന്ന പ്രവണത അനുവദിക്കില്ല. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ മുഖേന കാലിത്തീറ്റയ്ക്ക് സബ്സിഡി നല്‍കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കാൻ നിർദേശം നല്‍കും.
വന്യജീവി ആക്രമണം മൂലം കാർഷിക മേഖല തകർന്നപ്പോള്‍ കർഷകർക്ക് വലിയൊരാശ്വാസമായി മാറിയത് പശു വളർത്തലാണ്. ക്ഷീരമേഖലയില്‍ പ്രവർത്തിക്കുന്ന സ്ത്രീകളുടെ അധ്വാനത്തെ മുഖ്യമന്ത്രി പ്രത്യേകം പ്രശംസിച്ചു. പാലില്‍ മായം ചേർക്കുന്നത് കണ്ടുപിടിക്കാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് കർശനമായ പരിശോധനകള്‍ നടത്തുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.
നിലവില്‍ അമ്പത് ശതമാനത്തില്‍ താഴെ കർഷകർ മാത്രമാണ് ക്ഷീരസഹകരണ സംഘങ്ങളില്‍ അംഗങ്ങളായിട്ടുള്ളത്. രാഷ്ട്രീയ ഭിന്നതകള്‍ മാറ്റിവച്ച് കൂടുതല്‍ കർഷകരെ സംഘങ്ങളുടെ കീഴില്‍ കൊണ്ടുവരാൻ ശ്രമിക്കണം.
പാല്‍ ഉത്പാദനം വർധിക്കുന്നുണ്ടോ എന്ന് ഓരോ ആറുമാസം കൂടുമ്പോഴും വിലയിരുത്തും. പാല്‍ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് ക്ഷീരവികസന മന്ത്രി ബിന്ദു കൃഷ്ണ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. ഏകദേശം എട്ടു ലക്ഷത്തോളം കർഷകർ പണിയെടുക്കുന്ന മേഖലയാണെങ്കിലും പാല്‍ ഉത്പാദനത്തില്‍ കുറവ് നേരിടുന്നുണ്ട്. ഈ കുറവുകള്‍ പരിഹരിച്ച് പാല്‍ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കും.
ഉത്പാദന ചെലവിലുണ്ടായ വലിയ വർധനവ്, കാലിത്തീറ്റയുടെ ലഭ്യതക്കുറവ്, കാലാവസ്ഥാ വ്യതിയാനം മൂലമുള്ള രോഗങ്ങള്‍, പാല്‍വിലയില്‍ നിന്നുള്ള വരുമാനക്കുറവ് തുടങ്ങിയ നിരവധി പ്രതിസന്ധികള്‍ ഈ മേഖലയിലുണ്ട്. ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഈ പ്രതിസന്ധികളെ അതിജീവിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.