മെഡിക്കല് കോളജുകളില് വിദ്യാര്ഥികള് നേരിടുന്ന ദുരിതം പഠിക്കാന് സര്ക്കാര് കമ്മീഷനെ നിയമിക്കണമെന്ന് ഹൈക്കോടതി.മെഡിക്കല് വിദ്യാര്ഥികളോടുള്ള അധ്യാപകരുടെയും അധികൃതരുടെയും മോശം സമീപനം സംബന്ധിച്ച പരാതി ഏറിവരുന്നതു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് എ. ബദറുദ്ദീന്റെ വാക്കാലുള്ള നിര്ദേശം.
പഠനകാലത്ത് തനിക്കു നേരിടേണ്ടിവന്ന പീഡനം ഈ കുട്ടികളും അനുഭവിക്കട്ടേയെന്ന അമ്മായിയമ്മ സിന്ഡ്രോം ആകാം മിടുക്കന്മാരായ കുട്ടികളുടെ ഭാവി ഇന്റേണല് മാര്ക്കിന്റെ പേരില് തകര്ക്കുന്ന ഇത്തരം പ്രവണതകള്ക്കു കാരണമെന്നും കോടതി വാക്കാല് അഭിപ്രായപ്പെട്ടു.
അഞ്ചരക്കണ്ടി മെഡിക്കല് കോളജ് വിദ്യാര്ഥി നിതിന് രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസില് പ്രതിയായ അധ്യാപകന് ഡോ. എം.കെ. റാമിന്റെ മുന്കൂര് ജാമ്യഹര്ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്ശം.
അച്ചടക്കകാര്യത്തില് കണിശത കാട്ടുന്ന തന്നോട് കുട്ടികള്ക്കു ദേഷ്യമാണെന്നും താനല്ല നിതിന്റെ മരണത്തിനു കാരണമെന്നുമായിരുന്നു ഡോ. റാമിന്റെ വാദം. മാധ്യമ വിചാരണ കോടതിയുടെ നിലപാടിനെ ബാധിക്കരുതെന്നും മുന്കൂര് ജാമ്യം അനുവദിക്കണമെന്നും ഹര്ജിക്കാരന് ആവശ്യപ്പെട്ടു.
എന്നാല്, ഹര്ജിക്കാരനെതിരേ കുട്ടികളുടെയടക്കം മൊഴിയുണ്ടെന്നും മറ്റു തെളിവുകളുമുണ്ടെന്നായിരുന്നു പ്രോസിക്യൂഷന് വാദം. ഹര്ജി തിങ്കളാഴ്ച പരിഗണിക്കാന് മാറ്റി.