പെര്‍മിറ്റില്ല, നിയമവിരുദ്ധമായി സര്‍വീസ് നടത്തി; റോബിൻ ബസ് വീണ്ടും തടഞ്ഞ് എംവിഡി.

നിയമവിരുദ്ധമായി സർവീസ് നടത്തിയെന്ന പേരില്‍ വീണ്ടും റോബിൻ ബസ് തടഞ്ഞ് മോട്ടോർ വാഹന വകുപ്പ്. കോട്ടയം ഈരാറ്റുപേട്ടിയില്‍ ഇന്നലെ രാത്രിയാണ് സംഭവം.കാഞ്ഞിരപ്പള്ളി - പാലാ റൂട്ടില്‍ ഓടുന്ന ബസാണ് തടഞ്ഞത്. ബസിന് പെർമിറ്റില്ലെന്ന് എംവിഡി പറഞ്ഞു. എന്നാല്‍, വണ്ടി സർവീസ് നടത്താൻ ഓഗസ്റ്റ് 30 വരെ കോടതി ഉത്തരവുണ്ടെന്നാണ് റോബിൻ ബസ് ഉടമ ഗിരീഷിന്റെ വാദം. മുമ്പ് അന്തർസംസ്ഥാന പെർമിറ്റിന്റെ പേരില്‍ മോട്ടോർ വാഹന വകുപ്പും ഗിരീഷും തമ്മില്‍ തർക്കമുണ്ടായിരുന്നു.

ഇന്നലെ രാത്രി എട്ട് മണിക്കാണ് ബസ് പിടിച്ചത്. ഇതിന് പിന്നില്‍ കൃത്യമായ അജണ്ട ഉണ്ടെന്നും അല്ലെങ്കില്‍ ഇത്രയും നാള്‍ ബസ് ഓടാൻ സാധിക്കുമോയെന്നും ഗിരീഷ് ചോദിച്ചു. 2003 മുതല്‍ കോടതി ഉത്തരവിലാണ് ബസ് ഓടുന്നത്. കോടതി ഉത്തരവ് എഴുതിത്തരികയാണ് പതിവ്. പെർമിറ്റിന് എല്ലാ തവണയും അപേക്ഷ നല്‍കുന്നുണ്ട്. ജൂണ്‍ പത്താം തീയതി അപേക്ഷ പുതുക്കിക്കിട്ടി. ഇപ്പോള്‍ നാല് ബസുകളുണ്ട്. അതില്‍ ഒരു ബസ് മാത്രമാണ് കോടതി ഉത്തരവ് പ്രകാരം ഓടുന്നത്. ജയപ്രകാശ് എന്ന ഉദ്യോഗസ്ഥനാണ് അന്യായമായി ബസ് പിടിച്ചതെന്നും ഗിരീഷ് പറഞ്ഞു.

എന്നാല്‍, കോടതി ഉത്തരവ് പ്രകാരം റോബിൻ ബസുടമ പെർമിറ്റിന് അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും ഫീസ് അടച്ചിട്ടില്ലെന്നാണ് കോട്ടയം ആർടിഒ ജയരാജ് പറഞ്ഞത്. ഫീസ് അടച്ചാല്‍ മാത്രമേ പെർമിറ്റ് നല്‍കാനാകൂ. അതിനാല്‍, പെർമിറ്റില്ലാത്ത ബസ് പിടിച്ചെടുക്കാൻ എംവിഡിക്ക് അധികാരമുണ്ടെന്നും ആർടിഒ പറഞ്ഞു
Previous Post Next Post