തിരുവനന്തപുരത്ത് ഫ്ളാറ്റിനുള്ളില്‍ കഞ്ചാവ് നഴ്സറി പരിപാലിച്ച്‌ ടെക്കി; തൂക്കിയെടുത്ത് പോലീസ്.


നഗരമധ്യത്തിലെഫ്‌ളാറ്റിന്റെ 17-ാം നിലയില്‍ രഹസ്യമായി കഞ്ചാവ് കൃഷി നടത്തിയിരുന്ന ടെക്‌നോപാർക്ക് ജീവനക്കാരൻ പോലീസിന്റെ പിടിയിലായി.

ശ്രീകാര്യം അലത്തറയിലെ ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന ഹരിയാന സ്വദേശിയായ വിശാല്‍ (26) ആണ് അറസ്റ്റിലായത്.

ടെക്‌നോപാർക്കിലെ ഒരു സ്വകാര്യ ഐടി കമ്പനിയില്‍ മാനേജരായി ജോലി ചെയ്യുന്ന വിശാലിനെതിരെ ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ശ്രീകാര്യം പോലീസ് പരിശോധന നടത്തിയത്. ഫ്‌ളാറ്റില്‍ നടത്തിയ പരിശോധനയില്‍ വിവിധ വളർച്ചാ ഘട്ടങ്ങളിലുള്ള 70 കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്.

ചെടിച്ചട്ടികളിലും മുട്ട സൂക്ഷിക്കുന്ന പേപ്പർ ട്രേകളിലുമായി സൂക്ഷ്മമായി പരിപാലിച്ച നിലയിലായിരുന്നു കഞ്ചാവ് ചെടികള്‍. ചിലത് പുതുതായി മുളച്ചതും ചിലത് വളർച്ചയുടെ വിവിധ ഘട്ടങ്ങളിലുമായിരുന്നു. കണ്ടെത്തിയവയില്‍ ഏറ്റവും വലിയ ചെടിക്ക് ഏകദേശം 30 സെന്റീമീറ്റർ ഉയരമുണ്ടെന്ന് പോലീസ് അറിയിച്ചു.

കഞ്ചാവ് ഉപയോഗിച്ച ശേഷം ലഭിച്ച വിത്തുകള്‍ നട്ടുവളർത്തിയാണ് ഇയാള്‍ കൃഷി നടത്തിയതെന്നാണ് പോലീസിന് നല്കിയ വിവരം. മുറിയില്‍ നടത്തിയ പരിശോധനയില്‍ 19 ഗ്രാം കഞ്ചാവും കണ്ടെടുത്തു.

പ്രതിക്കെതിരെ മയക്കുമരുന്ന് നിരോധന നിയമപ്രകാരം കേസെടുത്ത പോലീസ്, കഞ്ചാവ് കൃഷിയുടെ ഉദ്ദേശ്യവും വിത്തുകളുടെ ഉറവിടവും സംബന്ധിച്ച്‌ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വിശാലിനെ വഞ്ചിയൂർ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

Previous Post Next Post