തൊടുപുഴ :നഗരസഭാ പ്രദേശത്തെ കശാപ്പുശാലകള് അനിശ്ചിതകാലത്തേക്ക് അടച്ചതോടെ തൊടുപുഴയില് ബീഫ് ക്ഷാമം രൂക്ഷമായി. കശാപ്പു ചെയ്യാനുള്ള ഉരുക്കള്ക്ക് സമീപനാളിലുണ്ടായ വിലക്കയറ്റവും ലഭ്യതക്കുറവും മൂലം കശാപ്പുശാല ഉടമകള്ക്ക് ഭീമമായ നഷ്ടം വരുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ തിങ്കളാഴ്ച മുതല് അനിശ്ചിതകാലത്തേക്ക് വില്പ്പനശാലകള് അടച്ചിടാന് തീരുമാനിച്ചത്.കേരള ഹോട്ടല്സ് ആൻഡ് ഫുഡ് ഓപ്പറേറ്റേഴ്സ് അസോസിയേഷനുകീഴിലാണ് കശാപ്പുശാല ഉടമകള് പ്രവര്ത്തിച്ചുവരുന്നത്.
കഴിഞ്ഞ ദിവസം സംഘടന യോഗം ചേര്ന്നാണ് ഇക്കാര്യത്തില് തീരുമാനമെടുത്തത്. നഗരസഭാ പ്രദേശത്ത് 28 അറവുശാലകളാണുള്ളത്. ഇവരില്നിന്നു മാംസം വാങ്ങി വില്പ്പന നടത്തുന്ന 15 കോള്ഡ് സ്റ്റോറേജുകളുമുണ്ട്.
ആന്ധ്രയില്നിന്നുമാണ് കശാപ്പിനുള്ള ഉരുക്കളെ കൂടുതലായും കേരളത്തിലേക്ക് എത്തിക്കുന്നത്. റോഡ്മാര്ഗം കൊണ്ടുവരുമ്പോള് പലയിടങ്ങളിലും ലോറി ജീവനക്കാരടക്കം ആക്രമിക്കപ്പെടുന്നതും വാഹനം തടയുന്നതും പതിവായതോടെ ഏജന്റുമാര് ഇതില്നിന്നു പിന്മാറിയതും തിരിച്ചടിയായി.
ലോകരാജ്യങ്ങളില് ബീഫ് കയറ്റുമതിയില് രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളില് നിരവധി ബീഫ് കയറ്റുമതി സ്ഥാപനങ്ങള് പ്രവര്ത്തിക്കുന്നുണ്ട്. ഇവര്ക്ക് വിലകുറച്ച് ഉരുക്കളെ ലഭിക്കണമെങ്കില് കേരളത്തിലേക്ക് കൊണ്ടുപോകുന്നത് കുറയ്ക്കണം. ഇതിനായി ഒരു സംഘം ആളുകളെ രംഗത്തിറക്കി വാഹനങ്ങള് തടയുകയും കള്ളക്കേസില് കുടുക്കുകയുമാണ് ഇവരുടെ രീതി.
സംസ്ഥാനത്തേക്കുള്ള വരവ് കുറഞ്ഞതോടെ നേരത്തേ 100 കിലോയുള്ള ഉരു 45,000 രൂപയില് താഴെ ലഭിക്കുമായിരുന്നെങ്കില് നിലവില് 65,000 രൂപയെങ്കിലും നല്കേണ്ട സാഹചര്യമാണുള്ളത്.
ഇവിടെ കൊണ്ടുവന്ന് കശാപ്പ് ചെയ്ത് കിലോയ്ക്ക് 480 രൂപയ്ക്കാണ് വില്പ്പന നടത്തിവരുന്നത്. ഒരു ഉരുവിനെ ഇപ്രകാരം കശാപ്പു ചെയ്ത് വില്ക്കുമ്പോള് 5,000 മുതല് 10,000 രൂപവരെ നഷ്ടമുണ്ടാകുന്നതായാണ് അറവുശാലാ ഉടമകള് പറയുന്നത്. ഈ സാഹചര്യത്തിലാണ് കശാപ്പ് നിര്ത്തിവയ്ക്കാന് നിര്ബന്ധിതരായതെന്നും ഇവര് വ്യക്തമാക്കി.