പാസിംഗ് ഔട്ട് പരേഡിന് ശേഷം കാമുകിയോട് പ്രണയാഭ്യർഥന നടത്തിയ സംഭവം വിവാദമായതിന് പിന്നാലെ യുവ ആ‌ർമി ക്യാപ്റ്റന് പിന്തുണയുമായി മുൻ സൈനിക ഉദ്യാേഗസ്ഥർ.


മഹാരാഷ്ട്രയിലെ നാസിക്കില്‍ പാസിംഗ് ഔട്ട് പരേഡിന് ശേഷം കാമുകിയോട് പ്രണയാഭ്യർഥന നടത്തിയ സംഭവം വിവാദമായതിന് പിന്നാലെ യുവ ആ‌ർമി ക്യാപ്റ്റന് പിന്തുണയുമായി മുൻ സൈനിക ഉദ്യാേഗസ്ഥർ.

ചൊവ്വാഴ്ച നാസികിനടുത്തുള്ള കോംബാറ്റ് ആർമി ഏവിയേഷൻ ട്രെയിനിംഗ് സ്കൂളിലാണ് സംഭവം.

പുതുതായി കമ്മീഷൻ ചെയ്യപ്പെട്ട പൈലറ്റായ ക്യാപ്റ്റൻ ഭരത് ഭരദ്വാജ് സൈനിക ഹെലികോപ്റ്ററിന് മുന്നില്‍വച്ച്‌ കാമുകി ആരുഷിയോട് പ്രണയാഭ്യർഥന നടത്തുകയായിരുന്നു. കോംബാറ്റ് ആർമി ട്രെയിനിംഗ് സ്‌കൂളില്‍ നിന്ന് വൈമാനിക പരിശീലനം പൂർത്തിയാക്കിയ ശേഷം പാസിംഗ് ഔട്ട് പരേഡിന് പിന്നാലെയായിരുന്നു ക്യാപ്റ്റൻ ഭരതിന്റെ പ്രണയാഭ്യർഥന. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

നിരവധി പേർ ഇരുവരെയും പ്രശംസിച്ച്‌ രംഗത്തെത്തിയെങ്കിലും സൈനിക ഉപകരണങ്ങള്‍ ഉള്‍പ്പെടുന്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. ഹെലികോപ്റ്ററിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പ്രണയാഭ്യ‌ർഥന സൈനിക പ്രോട്ടോകോളുകളുടെ ലംഘനമാണെന്നും സൈനികൻ ഭരതിനെതിരെ നടപടിയുണ്ടായേക്കുമെന്നുള്ള റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് യുവ ആ‌ർമി ക്യാപ്റ്റന് പിന്തുണയുമായി മുതിർന്ന ഉദ്യോഗസ്ഥർ തന്നെ രംഗത്തെത്തിയത്.

ലഫ്റ്റനന്റ് ജനറല്‍ (റിട്ട) എച്ച്‌ എസ് പനാഗ്, കേണല്‍ (റിട്ട) സഞ്ജയ് പാണ്ഡെ, ലഫ്റ്റനന്റ് ജനറല്‍(റിട്ട) സതീഷ് ദുവ, ലഫ്റ്റന്റ് ജനറല്‍ (റിട്ട) ഡിപി പാണ്ഡെ, ലഫ്റ്റനന്റ് ജനറല്‍ (റിട്ട) കണ്‍വല്‍ ജീത് സിംഗ് ധില്ലൻ തുടങ്ങിയ പ്രമുഖരാണ് പരസ്യമായി പിന്തുണ അറിയിച്ചിരിക്കുന്നത്. പരേഡിന് ശേഷമുള്ള ഇടവേളയിലാണ് സംഭവമെന്നും സൈനികർക്ക് ചിത്രമെടുക്കാൻ അനുമതിയുള്ള സമയമാണിതെന്നും ഡിപി പാണ്ഡെ പ്രതികരിച്ചു.

Previous Post Next Post