വിഡി സതീശൻ സര്‍ക്കാറിന്റെ പുതിയ ബജറ്റിലെ മുഴുവൻ പ്രഖ്യാപനങ്ങളും അറിയാം!.


2026 ജനുവരിയില്‍ അവതരിപ്പിച്ച ബജറ്റിലെ തെറ്റായ കണക്കുകളെ തുടർന്ന് ഈ സർക്കാർ പുതുക്കിയ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ സംസ്ഥാനത്തിന്റെ പ്രതീക്ഷിത വരുമാനത്തില്‍ 20,500 കോടി രൂപയുടെ വൻ കുറവാണ് രേഖപ്പെടുത്തിയതെന്ന് ആമുഖമായി വ്യക്തമാക്കിയാണ് വിഡി സതീശൻ ബജറ്റ് അവതരിപ്പിച്ചത് .

വിഡി സതീശൻ അവതരിപ്പിച്ച ബജറ്റിലെ പ്രഖ്യാപനങ്ങളുടെ പൂര്‍ണരൂപം

1. അടിസ്ഥാന സൗകര്യ വികസനവും സാമ്പത്തിക പദ്ധതികളും

മിഷൻ സമുദ്ര: കേരളത്തെ റോഡ്, സമുദ്രം, റെയില്‍, ഉള്‍നാടൻ ജലപാതകള്‍, ഗ്രീൻഫീല്‍ഡ് സിറ്റി എന്നിവയുമായി ബന്ധിപ്പിച്ചു തുറമുഖ നഗരമാക്കാനുള്ള സമഗ്ര പദ്ധതി. ഇതിലൂടെയുണ്ടാകുന്ന തൊഴിലവസരങ്ങളില്‍ തീരദേശ ജനതയ്ക്ക് സംവരണം ഉറപ്പാക്കും.

സതേണ്‍ കേരളാ ഇക്കണോമിക് കോറിഡോർ: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളെ സംയോജിപ്പിച്ചു തന്ത്രപരമായ ഏകീകൃത സാമ്പത്തിക മേഖല സൃഷ്ടിക്കും.

ഏവിയേഷൻ-ലോജിസ്റ്റിക്സ് ഹബ്ബ്: നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച്‌ കേരളത്തെ ദക്ഷിണേന്ത്യയിലെ പ്രധാന ഹബ്ബാക്കും.

ഇൻവെസ്റ്റ് കേരളം സെല്‍: നിക്ഷേപകർക്ക് ഭൂമി, നിയമപരമായ അനുമതികള്‍, നിക്ഷേപാനന്തര പിന്തുണ എന്നിവ നല്‍കുന്ന ഏകജാലക സംവിധാനം.

കേരള എം.എസ്.എം.ഇ. ഗ്രോത്ത് സ്കീം: സംസ്ഥാനത്തുടനീളം പതിനായിരത്തോളം പുതിയ എം.എസ്.എം.ഇ സംരംഭങ്ങള്‍ക്ക് റിവോള്‍വിംഗ് ഫണ്ടും ടെക്നോ-മെന്റർമാരുടെ സഹായവും നല്‍കും.

സ്പെഷ്യല്‍ ഇൻവെസ്റ്റ്മെന്റ് സോണ്‍: ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും പദ്ധതി വിജയവും ഉറപ്പുനല്‍കുന്ന പ്രത്യേക സാമ്പത്തിക മേഖല.

ലൈറ്റ് മെട്രോ: തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികള്‍ നടപ്പിലാക്കും.

സാമ്പത്തിക വിഹിതം: 2026-27 വർഷത്തെ പദ്ധതി അടങ്കല്‍ തുക 30,370 കോടി രൂപയായി പുതുക്കി നിശ്ചയിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള വികസനഫണ്ട് പദ്ധതി വിഹിതത്തിന്റെ 28.5 ശതമാനമായി ഉയർത്തി.

പ്രവാസി ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് ഫണ്ട്: റെമിറ്റൻസ് ഇക്കോണമിയില്‍ നിന്ന് ഇൻവെസ്റ്റ്മെന്റ് ഇക്കോണിയായി മാറാൻ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കും.

വ്യവസായ ഹബ്ബുകള്‍: പെരുമ്പാവൂരില്‍ ഫർണിച്ചർ ഹബ്ബും, അതോടൊപ്പം സ്വർണ്ണ വിനിമയ കേന്ദ്രവും ആഭരണ നിർമ്മാണ പാർക്കും സ്ഥാപിക്കും.

ലാന്റ് മാനേജ്‌മെന്റ് നയം: ഭൂമിയുടെ ലഭ്യതക്കുറവ് പരിഹരിക്കാൻ പഴയ ഭൂനിയമങ്ങള്‍ കാലാനുസൃതമായി പരിഷ്കരിക്കും.

2. കാർഷിക, ക്ഷീര, തീരദേശ മേഖലകള്‍

റബർ താങ്ങുവില: റബറിന്റെ താങ്ങുവില 200 രൂപയില്‍ നിന്നും 250 രൂപയായി വർദ്ധിപ്പിക്കും.

ക്ഷീരവികസനം: മൂന്ന് വർഷത്തിനുള്ളില്‍ പാലിന്റെ പ്രതിദിന ഉല്‍പാദനം ഒരു കോടി ലിറ്ററായി ഉയർത്തും.

തീരദേശ ക്ഷേമം: മത്സ്യത്തൊഴിലാളികള്‍ക്കായി ഫിഷറീസ് സബ് പ്ലാൻ ആവിഷ്‌കരിക്കും. മണ്ണെണ്ണ സബ്‌സിഡി 75 രൂപയായി ഉയർത്തും. അപകട ഇൻഷുറൻസ് പുതുക്കും. രക്ഷാപ്രവർത്തനങ്ങള്‍ക്ക് റെസ്‌ക്യൂ ബോട്ടുകളും വനിതകള്‍ക്ക് മത്സ്യ വിപണനത്തിന് 'ഷീ സ്കൂട്ടറുകളും' അനുവദിക്കും. എല്ലാ തീരദേശവാസികള്‍ക്കും പട്ടയം ലഭ്യമാക്കും. മുതലപ്പൊഴി ഹാർബറിന്റെ അപാകതകള്‍ പരിഹരിക്കും.

കൃഷി സഖി: വനിതാ കർഷക വികസനത്തിനായി പ്രത്യേക പരിപാടി നടപ്പാക്കും.

മറ്റ് പദ്ധതികള്‍: മലയോര മേഖലയില്‍ ബഹുവിള കൃഷി രീതി പ്രോത്സാഹിപ്പിക്കും, പട്ടയവിതരണ പ്രശ്നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കും. യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കാൻ പദ്ധതി കൊണ്ടുവരും.

3. വിദ്യാഭ്യാസം, തൊഴില്‍, യുവജന ക്ഷേമം

കേരള നോളജ് വാലി: വിദേശത്തെ ലെഗസി യൂണിവേഴ്‌സിറ്റികളെ ഉള്‍പ്പെടെ ആകർഷിച്ചു കേരളത്തെ ഉന്നതവിദ്യാഭ്യാസ ലക്ഷ്യസ്ഥാനമാക്കും.

വയനാട് ട്രൈബല്‍ സർവകലാശാല: ആദിവാസി സമൂഹങ്ങളുടെ സാംസ്കാരിക പൈതൃകവും പരമ്പരാഗത വിജ്ഞാനവും സംരക്ഷിക്കാൻ തദ്ദേശീയ വിജ്ഞാന മേഖലയോടു കൂടി ആരംഭിക്കും.

ഗ്ലോബല്‍ ജോബ് വാച്ച്‌ ടവർ: മാറിക്കൊണ്ടിരിക്കുന്ന ആഗോള തൊഴില്‍ മേഖലയെക്കുറിച്ച്‌ പഠിച്ചു യുവജനങ്ങളെ സജ്ജരാക്കും.

റാഗിങ് വിരുദ്ധ നടപടികള്‍: റാഗിങ് തടയാൻ 'Sidharthan Student Distress App', വിദ്യാർത്ഥി ക്ഷേമത്തിനായി 'Sidharthan Anti Ragging & Student Welfare Act' എന്നിവ നടപ്പാക്കും. അക്കാദമിക് വിഷയങ്ങളില്‍ അമിത രാഷ്ട്രീയ ഇടപെടല്‍ ഒഴിവാക്കാൻ അക്കാദമിക് കൗണ്‍സില്‍ രൂപീകരിക്കും.

ബഹിരാകാശ ഗവേഷണം: സാറ്റലൈറ്റ് സാങ്കേതികവിദ്യയ്ക്ക് ഊന്നല്‍ നല്‍കിയുള്ള ഗവേഷണ സ്ഥാപനങ്ങള്‍ ആരംഭിക്കും. സ്വകാര്യ സാറ്റലൈറ്റ് നിർമ്മാണ/വിക്ഷേപണ സ്ഥാപനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കും.

മറ്റ് വിദ്യാഭ്യാസ പദ്ധതികള്‍: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റിസർച്ച്‌ സംവിധാനങ്ങള്‍ ഐഐടി മദ്രാസ് റിസർച്ച്‌ പാർക്ക് മാതൃകയില്‍ വിപുലീകരിക്കും. ബിരുദധാരികള്‍ക്ക് വേഗത്തില്‍ ജോലി ലഭിക്കാൻ ബ്രിഡ്ജ് പ്രോഗ്രാമുകള്‍ കൊണ്ടുവരും. 'സെമസ്റ്റർ ഇൻ കേരള' പദ്ധതി പുനരാരംഭിച്ച്‌ അക്കാദമിക് ടൂറിസം ശക്തിപ്പെടുത്തും. കാമ്പസുകളില്‍ വിദ്യാർത്ഥി വൈവിധ്യവല്‍ക്കരണത്തിന് പരിഗണന നല്‍കും. ജവഹർലാല്‍ നെഹ്‌റു സെന്റർ ഫോർ സയന്റിഫിക് ടെംബർ പദ്ധതി ആവിഷ്കരിക്കും.

. ആരോഗ്യം, സാമൂഹിക സുരക്ഷ, വയോജന ക്ഷേമം

ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി: എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപ വരെയുള്ള സൗജന്യ ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കാനുള്ള പ്രാരംഭ നടപടികള്‍ ആരംഭിക്കും.

കേരള ഹെല്‍ത്ത് ആൻഡ് ലൈഫ് സയൻസ് സിറ്റി: ആരോഗ്യ കേന്ദ്രങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് കേരളത്തെ പ്രമുഖ മെഡിക്കല്‍ ഡെസ്റ്റിനേഷനാക്കും. ചികിത്സാ ചെലവുകള്‍ കുറയ്ക്കാൻ സർക്കാർ ഇടപെടും.

മെഡിക്കല്‍ കോളേജുകള്‍: കാസർഗോഡ്, ഇടുക്കി, വയനാട്, മഞ്ചേരി മെഡിക്കല്‍ കോളേജുകളുടെ ശോചനീയാവസ്ഥ പരിഹരിക്കും. തിരുവനന്തപുരത്തെ രണ്ടാം മെഡിക്കല്‍ കോളേജ് പ്രവർത്തനക്ഷമമാക്കും. ഹരിപ്പാട് പുതിയ മെഡിക്കല്‍ കോളേജ് സ്ഥാപിക്കും. കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയിലെ കുടിശ്ശിക തീർക്കും.

പ്രത്യേക ഹെല്‍ത്ത് ക്ലസ്റ്ററുകള്‍: ആദിവാസി മേഖലകളില്‍ ട്രൈബല്‍ ഹെല്‍ത്ത് ക്ലസ്റ്ററുകളും തീരദേശത്ത് കോസ്റ്റല്‍ കെയർ യൂണിറ്റുകളും സ്ഥാപിക്കും.

അപൂർവ്വ രോഗങ്ങള്‍ക്കുള്ള സഹായം: എസ്.എം.എ. അടക്കമുള്ള അപൂർവ്വ രോഗങ്ങള്‍ക്ക് മരുന്നുകള്‍ ലഭ്യമാക്കും. ടൈപ്പ് വണ്‍ പ്രമേഹ ബാധിതരായ കുട്ടികള്‍ക്ക് ഗുണമേന്മയുള്ള ഇൻസുലിനും, ഇൻസുലിൻ പമ്പും, ഗ്ലൂക്കോസ് മോണിറ്ററിംഗ് സെൻസറുകളും നല്‍കും.

സില്‍വർ ഇക്കോണമി: വയോജനങ്ങള്‍ക്ക് ആവശ്യമായ സ്ഥാപനങ്ങള്‍, സാമ്പത്തിക സഹായം, സംരംഭകത്വം, വൈദഗ്ദ്ധ്യം എന്നിവ ഉള്‍പ്പെടുന്ന പദ്ധതി വികസിപ്പിക്കും. അന്താരാഷ്ട്ര മാതൃകയില്‍ കെയർ ഗിവർ സർട്ടിഫിക്കറ്റ് കോഴ്‌സുകള്‍ ആരംഭിക്കും.

പരമ്പരാഗത വ്യവസായങ്ങള്‍: സ്ത്രീ തൊഴിലാളികള്‍ കൂടുതലുള്ള കശുവണ്ടി, കയർ, കൈത്തറി വ്യവസായങ്ങള്‍ക്ക് വേതന സഹായം (Income support scheme) നല്‍കും. പൂട്ടി കിടക്കുന്ന ഫാക്ടറികള്‍ക്ക് ഒറ്റത്തവണ തീർപ്പാക്കല്‍ പദ്ധതി നടപ്പാക്കും. ഗിഗ്, ഓണ്‍ലൈൻ പ്ലാറ്റ്‌ഫോം തൊഴിലാളികള്‍ക്ക് പ്രത്യേക പദ്ധതികള്‍ കൊണ്ടുവരും.

മറ്റ് പദ്ധതികള്‍: വണ്‍ കേരള കരുതല്‍ മിഷൻ വഴി ഗുരുതര രോഗബാധിതർക്കും പാവപ്പെട്ടവർക്കും നേരിട്ട് സഹായം എത്തിക്കും. മുൻ യു.ഡി.എഫ് സർക്കാരിന്റെ കാരുണ്യ ബെനവലന്റ് ഫണ്ട്, ശ്രുതിതരംഗം, സ്നേഹപൂർവ്വം, താലോലം, ക്യാൻസർ സുരക്ഷ തുടങ്ങിയ പദ്ധതികളുടെ നടത്തിപ്പ് കാര്യക്ഷമമാക്കും. എൻഡോസള്‍ഫാൻ ദുരിതബാധിത കുടുംബങ്ങളെ സർക്കാർ ഏറ്റെടുക്കും.

5. വിനോദസഞ്ചാരം, കല, സംസ്‌കാരം

ടൂറിസത്തിന് വ്യവസായ പദവി: ടൂറിസത്തെ ഔദ്യോഗികമായി വ്യവസായമായി പ്രഖ്യാപിക്കും. തോട്ടം മേഖലയില്‍ കൂടുതല്‍ സ്ഥലം ടൂറിസത്തിനായി ഉപയോഗിക്കാൻ നിയമഭേദഗതി കൊണ്ടുവരും.

തീർത്ഥാടന ടൂറിസം സർക്യൂട്ട്: അർത്തുങ്കല്‍ ബസലിക്ക, അമ്പലപ്പുഴ ക്ഷേത്രം, കാക്കഴം പള്ളി, മണ്ണാറശ്ശാല, കൃഷ്ണപുരം കൊട്ടാരം, മാതാ അമൃതാന്ദമയി മഠം, ഓച്ചിറ ക്ഷേത്രം എന്നിവയെ ബന്ധിപ്പിച്ചു പദ്ധതി നടപ്പാക്കും.

അന്തർദേശീയ മാരിടൈം മ്യൂസിയം: സമുദ്രയാത്രാ ചരിത്രം, കപ്പല്‍ നിർമ്മാണ പാരമ്പര്യം, വാണിജ്യപൈതൃകം എന്നിവ സമന്വയിപ്പിച്ചു സ്ഥാപിക്കും.

ജെ.സി ഡാനിയേല്‍ ഇന്റർനാഷണല്‍ ഫിലിം സിറ്റി: കൊച്ചിയില്‍ 'ചിത്രനഗരം' സ്ഥാപിക്കും. സിനിമയ്ക്ക് വ്യവസായ പദവി നല്‍കും.

സ്മാരകങ്ങളും സാംസ്കാരിക പാർക്കുകളും:

കോഴിക്കോട് എം.ടി. വാസുദേവൻ നായരുടെ പേരില്‍ കള്‍ച്ചറല്‍ പാർക്ക്.

തൃശ്ശൂരില്‍ സംഗീത സംവിധായകൻ ജോണ്‍സണ്‍ മാസ്റ്ററുടെ പേരില്‍ പുതിയ മ്യൂസിക് അക്കാദമി.

കോഴിക്കോട് ഗായകൻ ഉമ്പായിയുടെ നാമധേയത്തില്‍ മ്യൂസിക് അക്കാദമി.

ആർട്ടിസ്റ്റ് നമ്പൂതിരി ട്രസ്റ്റിന്റെ സഹായത്തോടെ കള്‍ച്ചറല്‍ സെന്റർ ആൻഡ് മ്യൂസിയം.

ഡല്‍ഹിയില്‍ ശ്രീനാരായണ ഗുരുവിന് പ്രതിമയും സാംസ്‌കാരിക കേന്ദ്രവും.

എറണാകുളത്ത് നടൻ സലിംകുമാറിന് സ്മാരകം.

തിരുവനന്തപുരം പട്ടത്ത് മുൻ മുഖ്യമന്ത്രി ആർ. ശങ്കറിന് സ്മാരക മന്ദിരം.

ചാലക്കുടിയില്‍ പനമ്പള്ളി ഗോവിന്ദ മേനോൻ സ്മാരകം.

മറ്റ് പദ്ധതികള്‍: കേരളത്തിന്റെ തനതായ പാചക കല ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്താൻ പാചകകലാ ഇന്റസ്റ്റിറ്റ്യൂട്ട് (Culinary Institute) സ്ഥാപിക്കും. അതിരപ്പള്ളിയില്‍ ഇക്കോ-ഫ്രണ്ട്‌ലി ഡൈനമിക് ലൈറ്റിംഗ് പദ്ധതി നടപ്പാക്കും. മലബാറില്‍ ലോക നിലവാരത്തിലുള്ള ഫുട്‌ബോള്‍ സ്റ്റേഡിയം നിർമ്മിക്കും. 'ബ്രാൻഡ് കേരളം' വഴി സുഗന്ധവ്യഞ്ജനങ്ങള്‍, കയർ, ഹാൻഡ്‌ലൂം ഉല്‍പ്പന്നങ്ങള്‍ എന്നിവ ബ്രാൻഡ് ചെയ്യും.

6. ക്രമസമാധാനം, സുരക്ഷ, പരിസ്ഥിതി

സ്ത്രീ-ശിശു സുരക്ഷ: കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളോട് സീറോ ടോളറൻസ് നിലപാട്. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയാൻ 'മകള്‍ക്കൊപ്പം' പദ്ധതി നടപ്പാക്കും.

ലഹരിവിരുദ്ധ നടപടികള്‍: പുതുതലമുറ ലഹരി വസ്തുക്കള്‍ തിരിച്ചറിയാൻ എല്ലാ എക്‌സൈസ് ഓഫീസുകളിലും ഡ്രഗ് ഡിറ്റക്ഷൻ കിറ്റുകള്‍ ലഭ്യമാക്കും. 'ഓപ്പറേഷൻ തൂഫാൻ' വ്യാപിപ്പിക്കും.

കേരള ഡിസാസ്റ്റർ റെസിലിയൻസ് സെന്റർ: പ്രകൃതി ദുരന്തങ്ങള്‍ സംബന്ധിച്ച മുൻകൂട്ടി മുന്നറിയിപ്പ് നല്‍കുന്ന സംവിധാനങ്ങള്‍, കാലാവസ്ഥാ മോഡലിംഗ്, ജിയോ സ്പേഷ്യല്‍ ഇന്റലിജൻസ് എന്നിവ സമന്വയിപ്പിച്ചു സ്ഥാപിക്കും.

വന്യജീവി സംഘർഷം: മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തും, ബജറ്റ് വിഹിതം ഉയർത്തും.

കാർബണ്‍ ന്യൂട്രല്‍ കേരളം: 2050-ഓടു കൂടി കേരളത്തെ പൂർണ്ണമായും കാർബണ്‍ ന്യൂട്രല്‍ സംസ്ഥാനമാക്കും. പുനരുപയോഗ ഊർജ്ജ സ്രോതസ്സുകള്‍ പ്രോത്സാഹിപ്പിച്ചു കേരളത്തെ ഗ്രീൻ ഹൈഡ്രജൻ ഹബ്ബാക്കും.

റോഡ് സംസ്‌കാരം: കാല്‍നട യാത്രക്കാർക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്ന സമഗ്രമായ ട്രാഫിക് നയം രൂപീകരിക്കും.

7. ഭരണനിർവ്വഹണം, പട്ടികജാതി-പട്ടികവർഗ്ഗ ക്ഷേമം, ജീവനക്കാരുടെ ആനുകൂല്യങ്ങള്‍

പ്രത്യേക സാമ്പത്തിക വിഹിതം: പട്ടികജാതി മേഖലയ്ക്ക് 527.68 കോടി രൂപയും പട്ടികവർഗ്ഗ മേഖലയ്ക്ക് 152.52 കോടി രൂപയും കൂടുതലായി അനുവദിച്ചു. മത്സ്യബന്ധന മേഖലയ്ക്ക് 50 കോടി രൂപ അധികമായി നല്‍കി.

നിയമ നിർമ്മാണം: എസ്‌സി/എസ്ടി വിഭാഗങ്ങള്‍ക്കായി വകയിരുത്തിയ തുക കൃത്യമായി സമയബന്ധിതമായി വിനിയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ നിയമം കൊണ്ടുവരും. ഇവർക്കായി പുതിയ ഭവന നിർമ്മാണ പദ്ധതിയും സ്പെഷ്യല്‍ റിക്രൂട്ട്മെന്റും നടത്തും.

ജീവനക്കാരുടെ ആനുകൂല്യങ്ങള്‍: സർക്കാർ ജീവനക്കാരുടെ ഡി.എ/ ഡി.ആർ മുടക്കം കൂടാതെ നല്‍കും. മെഡിസെപ് പരിഷ്‌ക്കരിക്കും. അഷ്വേഡ് പെൻഷൻ പദ്ധതിയിലെ അവ്യക്തത പരിശോധിച്ച്‌ എൻ.പി.എസ് സംവിധാനം പരിഷ്‌ക്കരിക്കും. കെ.യു.ഡബ്ല്യു.ജെ ക്ഷേമപ്രവർത്തനങ്ങള്‍ക്ക് സഹായം നല്‍കും, നോണ്‍ ജേണലിസ്റ്റ് പെൻഷൻ തുക വർദ്ധിപ്പിക്കും.

തദ്ദേശ ഭരണം & മറ്റു സഹായങ്ങള്‍: ഗ്രാമസഭയില്‍ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് ഓണ്‍ലൈനായി പങ്കെടുക്കാൻ സൗകര്യം ഒരുക്കും. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന വിഹിതം 1422.60 കോടി രൂപയായി ഉയർത്തും. സഹകരണ സംഘങ്ങളിലെ നിക്ഷേപം തിരികെ നല്‍കാൻ നിക്ഷേപ ഗ്യാരന്റി സ്കീമില്‍ മാറ്റം വരുത്തും. ഇ-ഗ്രാന്റ് കുടിശ്ശിക സമയബന്ധിതമായി തീർപ്പാക്കും. സംസ്ഥാന സെക്രട്ടേറിയറ്റിനെ രാജ്യത്തെ ഏറ്റവും മികച്ചതാക്കും.

8. പ്രാദേശിക വികസന പാക്കേജുകള്‍

വിലങ്ങാട് പാക്കേജ്: ഉരുള്‍പൊട്ടലിലുണ്ടായ വിലങ്ങാടിന്റെ പുനർനിർമ്മിതിക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു.

ജില്ലാ പാക്കേജുകള്‍: വയനാട്, കാസർഗോഡ്, ഇടുക്കി ജില്ലകള്‍ക്കായുള്ള പ്രത്യേക വികസന പാക്കേജുകള്‍ ഊർജ്ജിതമായി നടപ്പാക്കും.

Previous Post Next Post