വിദ്യാര്‍ത്ഥി കണ്‍സെഷൻ കാര്‍ഡ് പുതുക്കുന്നതിനുള്ള ഫീസില്‍ വര്‍ദ്ധന? വ്യക്തത വരുത്തി കെഎസ്‌ആര്‍ടിസി.


വിദ്യാർത്ഥി കണ്‍സെഷൻ കാർഡ് പുതുക്കുന്നതിനുള്ള ഫീസ് 10 രൂപയില്‍ നിന്ന് 110 രൂപയായി വർദ്ധിപ്പിച്ചുവെന്ന വാർത്ത വസ്തുതാവിരുദ്ധമെന്ന് കെഎസ്‌ആർടിസി.

മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന വാർത്തകള്‍ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കെഎസ്‌ആർടിസി ചൂണ്ടിക്കാട്ടി.

പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂള്‍ വിദ്യാർത്ഥികള്‍ക്ക് കണ്‍സെഷൻ കാർഡ് അനുവദിക്കുന്നതിനും പുതുക്കുന്നതിനുമായി ഓരോ അദ്ധ്യയന വർഷാരംഭത്തിലും 110 രൂപ ഈടാക്കിയിരുന്നു. ഇതില്‍ 100 രൂപ പ്രോസസിംഗ് ഫീസും (സർവീസ് ചാർജ്, സോഫ്റ്റ്‌വെയർ പരിപാലന ചെലവ് തുടങ്ങിയവ) 10 രൂപ കാർഡിന്റെയും അനുബന്ധ സ്റ്റേഷനറി സാമഗ്രികളുടെയും ചെലവുമാണ്.

വിദ്യാർത്ഥികള്‍ക്കായി ആർഎഫ്‌ഐഡി അടിസ്ഥാനത്തിലുള്ള സ്മാർട്ട് കാർഡ് സംവിധാനം നടപ്പിലാക്കിയതോടെ പേപ്പർ കാർഡുകള്‍ക്ക് പകരം ആർഎഫ്‌ഐഡി കാർഡുകള്‍ സൗജന്യമായി നല്‍കുകയും നിലവിലുള്ള കാർഡുകള്‍ തന്നെ തുടർന്നും പുനരുപയോഗിക്കുന്ന സംവിധാനത്തിലേക്ക് മാറുകയും ചെയ്തിരിക്കുകയാണ്. ഇതോടെ പുതിയ കാർഡോ അനുബന്ധ സ്റ്റേഷനറി സാമഗ്രികളോ നല്‍കേണ്ട സാഹചര്യമില്ലാത്തതിനാല്‍ മുമ്പ് ഈടാക്കിയിരുന്ന 10 രൂപ സ്റ്റേഷനറി ചാർജ് പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. അതിനാല്‍ നിലവില്‍ സംസ്ഥാന സിലബസില്‍ പഠിക്കുന്ന ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളില്‍ നിന്ന് 100 രൂപ പ്രോസസ്സിംഗ് ഫീസ് മാത്രമാണ് കണ്‍സഷൻ പുതുക്കലിനായി ഈടാക്കുന്നത്.

അതിനാല്‍, വിദ്യാർത്ഥി കണ്‍സഷൻ പുതുക്കല്‍ ഫീസ് 10 രൂപയില്‍ നിന്ന് 110 രൂപയാക്കി വർദ്ധിപ്പിച്ചുവെന്ന പ്രചാരണം യാഥാർത്ഥ്യവിരുദ്ധമാണ്. മറിച്ച്‌ മുൻപ് ഈടാക്കിയിരുന്ന 110 രൂപയില്‍ നിന്ന് 100 രൂപയായി തുക കുറയ്ക്കുകയും ആർഎഫ്‌ഐഡി കാർഡുകള്‍ സൗജന്യമായി നല്‍കുകയുമാണ് ചെയ്യുന്നതെന്നും കെഎസ്‌ആർടിസി വ്യക്തമാക്കി.

Previous Post Next Post