യുഡിഎഫ് സർക്കാർ നടപ്പിലാക്കിയ 'പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രാ പദ്ധതി'ക്ക് പിന്നാലെ വയനാട് ജില്ലയിലെ സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയില്‍.
ഭൂരിഭാഗം റൂട്ടുകളിലും കെഎസ്‌ആർടിസി ബസുകള്‍ സർവീസ് നടത്തുന്നത് കാരണം ബസ് യാത്രക്കാരില്‍ ഭൂരിഭാഗവും സർക്കാർ ബസുകളെ ആശ്രയിക്കുകയാണ്. ഇതോടെ സ്വകാര്യ ബസുകള്‍ കാലിയായി ഓടേണ്ടി വരികയും വരുമാനം കുത്തനെ ഇടിയുകയും ചെയ്തു. ഈ സാഹചര്യത്തില്‍ സർവീസുകള്‍ അനിശ്ചിതകാലത്തേക്ക് നിർത്തിയിടാൻ ഒരുങ്ങുകയാണെന്ന് സ്വകാര്യ ബസുടമകള്‍ അറിയിച്ചു. നിലവില്‍ ജീവനക്കാരുടെ കൂലി കൊടുക്കാൻ പോലും ഉടമകള്‍ക്ക് കൈയില്‍ നിന്ന് പണം മുടക്കേണ്ട അവസ്ഥയാണ്. വലിയ ശമ്പളം വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥർ വരെ സൗജന്യം ഉപയോഗപ്പെടുത്തുന്നുണ്ടെന്നും, സമ്പന്നരായ ഇത്തരം വിഭാഗങ്ങളെയെങ്കിലും അടിയന്തിരമായി പദ്ധതിയില്‍ നിന്ന് ഒഴിവാക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെടുന്നു.
സർക്കാർ ബസുകളില്‍ ഏർപ്പെടുത്തിയ സീറോ ടിക്കറ്റിങ് പദ്ധതിയില്‍ തങ്ങളെയും ഉള്‍പ്പെടുത്തണമെന്നാണ് സ്വകാര്യ ബസുടമകളുടെ പ്രധാന ആവശ്യം. കിലോമീറ്ററിന് 60 രൂപയെങ്കിലും സർക്കാർ സബ്‌സിഡിയായി നല്‍കിയാല്‍ സ്വകാര്യ ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാൻ തയ്യാറാണെന്ന് അവർ വ്യക്തമാക്കി. നിലവില്‍ കെ.എസ്.ആർ.ടി.സി സർവീസ് നടത്താത്ത ജില്ലയിലെ വിവിധ ഗ്രാമീണ റൂട്ടുകളില്‍ സർക്കാർ പിന്തുണ നല്‍കിയാല്‍ സൗജന്യ യാത്ര നല്‍കാൻ ഒരുക്കമാണെന്നും ഉടമകള്‍ കൂട്ടിച്ചേർത്തു.