ലഹരിയ്ക്കായി വേദന സംഹാരി ഗുളികകള്‍ ലയിപ്പിച്ച് കുത്തി വച്ച രണ്ടു യുവാക്കളെ നെടുംകണ്ടം പോലീസ് അറസ്റ്റു ചെയ്തു.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇടുക്കി നെടുംകണ്ടം പൊലീസ് നടത്തിയ പരിശോധനയിലാണ് മൂന്ന് യുവാക്കള്‍ പിടിയിലായത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നെടുങ്കണ്ടം ഉമ്മാക്കട ഭാഗത്ത് പരിശോധന നടത്തുന്നതിനിടെ റോഡരികില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ടു യുവാക്കള്‍ നില്‍ക്കുന്നത് പോലീസ് കണ്ടു, പരിശോധനയില്‍ ഇവരുടെ പക്കലുണ്ടായിരുന്ന കവറില്‍ നിന്നും ഗുളികകളും സിറിഞ്ചുകളും അടങ്ങിയ പായ്ക്കറ്റുകളും പപ്പായ മരത്തിന്റെ തണ്ട് ഘടിപ്പിച്ച കുപ്പികളും കണ്ടെടുത്തു.
ഇതോടെ നെടുംകണ്ടം പുതുകില്‍ പ്രാഞ്ചി എന്ന ഫ്രാൻസിസ്, ചിറക്കുന്നേല്‍ അൻസില്‍, എന്നിവരെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. വിവിധ തരത്തിലുള്ള വേദനകള്‍ക്ക് നല്‍കുന്ന ഗുളികകള്‍ ഡ്രിപ്പിടുന്ന ലായനിയില്‍ ലയിപ്പിച്ച ശേഷം ശരീരത്തിലേക്ക് കുത്തിവെച്ച് ലഹരി കണ്ടെത്തുകയായിരുന്നു ഈ യുവാക്കള്‍. ഇതിനായി വേദന കുറഞ്ഞ ഇൻസുലിൻ ഇഞ്ചക്ഷൻ സിറിഞ്ചുകളാണ് ഉപയോഗിച്ചിരുന്നത്. 600 ഓളം ഗുളികകളും സിറിഞ്ചുകളും പോലീസ് പിടിച്ചെടുത്തു.
കഞ്ചാവ് നിറച്ച സിഗരറ്റും ബീഡിയും ഇവരുടെ പക്കല്‍ നിന്നും കണ്ടെത്തി. പ്ലാസ്റ്റിക് കുപ്പിയില്‍ പപ്പായ മരത്തിന്റെ തണ്ട് ഘടിപ്പിച്ച് കഞ്ചാവ് കത്തിച്ച് വലിക്കുന്നതായും യുവാക്കള്‍ പറഞ്ഞു. കൂടുതല്‍ ലഹരിക്കായി വേദനസംഹാരി കുത്തിവച്ച ശേഷമാണ് ഇങ്ങനെ കഞ്ചാവ് വലിച്ചിരുന്നത്. ദിവാകർ എന്നയാളാണ് 22,000 രൂപ നല്‍കി ഗുളിക വാങ്ങാൻ ഇവരെ പറഞ്ഞയച്ചതെന്ന് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ദിവാകറിനായുള്ള അന്വേഷണവും പൊലീസ് ആരംഭിച്ചു. സംഭവം സംബന്ധിച്ച് ഡ്രഗ് കണ്‍ട്രോളർക്ക് പൊലീസ് റിപ്പോർട്ട് നല്‍കി. വൻതോതില്‍ ഗുളിക നല്‍കിയ മെഡിക്കല്‍ സ്റ്റോറിനെതിരെയും നടപടിയുണ്ടാകും. സമീപ മേഖലയില്‍ നിന്നും കഞ്ചാവ് കൈവശം വെച്ച് ഉപയോഗിച്ചതിന് മഞ്ഞപ്പാറ മന്നിക്കല്‍ ജെസ്മിനെയും പോലീസ് പിടികൂടി. കൂടുതല്‍ യുവാക്കള്‍ ഇത്തരം ലഹരി ഉപയോഗിക്കുന്നുണ്ടോയെന്നും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.