കോട്ടയത്ത് കാറില്‍ കടത്തിയ എംഡിഎംഎയുമായി യുവാക്കള്‍ അറസ്റ്റില്‍. പോിസ് പരിശോധനയില്‍ പൊന്‍കുന്നത്ത് വച്ചാണ് പത്ത് ലക്ഷത്തോളം രൂപ വിപണി വിലവരുന്ന മാരക ലഹരിമരുന്നുമായി യുവാക്കള്‍ പിടിയിലായത്.
സംഭവത്തില്‍ പെരുന്ന സ്വദേശി നിബിന്‍ എം ബി, തൃക്കൊടിത്താനം സ്വദേശി ഹാഷിം ലബ എന്നിവരാണ് പിടിയിലായത്. കാല്‍ കിലോയോളം വരുന്ന എംഡിഎംഎയാണ് പൊലീസ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്.
പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ കാറിന്റെ ഡ്രൈവര്‍ സീറ്റിന്റെ വലതുവശത്തെ ഡോര്‍ പാഡിനുള്ളില്‍ പ്രത്യേകമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്. എന്നാല്‍ കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വിശദമായ പരിശോധനയില്‍ പോലീസ് ഇത് കണ്ടെത്തുകയായിരുന്നു. ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് വന്‍തോതില്‍ മയക്കുമരുന്ന് കടത്തി വില്‍പ്പന നടത്തിയിരുന്നവരാണ് യുവാക്കള്‍. രഹസ്യവിവരത്തെ തുടര്‍ന്ന് പ്രതികള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ലഹരിവിരുദ്ധ സ്‌ക്വാഡായ 'ഡാന്‍സാഫും' പൊന്‍കുന്നം പൊലീസും സംയുക്തമായി നടത്തിയ സാഹസിക നീക്കത്തിനൊടുവിലാണ് പ്രതികള്‍ വലയിലായത്. കോട്ടയത്തെയും പരിസരപ്രദേശങ്ങളിലെയും സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് ബംഗളൂരുവില്‍ നിന്ന് ഇവര്‍ ലഹരിവസ്തുക്കള്‍ എത്തിച്ചതെന്ന് പോലീസ് വ്യക്തമാക്കുന്നു.