പ്രശസ്ത ധ്യാനഗുരുവും പ്രമുഖ എഴുത്തുകാരനും മലയാളി ക്രൈസ്തവ ഭക്തിഗാന രംഗത്തെ പ്രതിഭയുമായ ഫാ. മൈക്കിള്‍ പനച്ചിക്കല്‍ (77) അന്തരിച്ചു.
തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍ നാവെനിക്കെന്തിന് നാഥാ...' എന്ന ഗാനമുള്‍പ്പെടെ എഴുനൂറിലധികം ക്രൈസ്തവ ഭക്തിഗാനങ്ങളുടെ രചയിതാവാണ് അദ്ദേഹം. സംസ്കാരം വ്യാഴാഴ്ച കോട്ടയം അടിച്ചിറ പരിത്രാണ ധ്യാനകേന്ദ്രത്തില്‍ നടക്കും.
വിശ്വാസ സമൂഹത്തിന് ആത്മീയ വെളിച്ചം പകർന്ന അദ്ദേഹം മികച്ചൊരു സംഘാടകൻ കൂടിയായിരുന്നു. പോപ്പുലര്‍ മിഷന്‍ ഡയറക്ടര്‍, അടിച്ചിറ പരിത്രാണ ധ്യാനകേന്ദ്ര ഡയറക്ടര്‍, കട്ടപ്പന കൃപാലയ റിട്രീറ്റ് സെന്‍റർ ഡയറക്ടര്‍, അസിസ്റ്റന്‍റ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയർ എന്നീ നിലകളില്‍ ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ധ്യാനവേദികളിലെ ലളിതവും ദീപ്തവുമായ പ്രഭാഷണങ്ങളിലൂടെയും എഴുത്തിലൂടെയും ലക്ഷക്കണക്കിന് ആളുകളുടെ മനസ്സില്‍ ഇടംനേടിയ വ്യക്തിത്വമായിരുന്നു ഫാ. മൈക്കിള്‍ പനച്ചിക്കല്‍.